
ബസുകളുടെ മരണപ്പാച്ചിലിൽ നഗരത്തിലെ നിരത്തുകൾ കുരുതിക്കളമാകുമ്പോൾ നോക്കുകുത്തികളാക്കുകയാണു നിയമവും നിയമപാലകരും. കളമശേരിയിൽ ബസുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികൻ അബ്ദുൽ സലീമിനു (43) ജീവൻ നഷ്ടമായതു കഴിഞ്ഞ ദിവസമാണ്.
എറണാകുളം നോർത്തിൽ തേവര എസ്എച്ച് കോളജിലെ വിദ്യാർഥിയായ ഗോവിന്ദ് എസ്. ഷേണായി (18) ബസ് ഇടിച്ചു മരിച്ച സംഭവം രണ്ടാഴ്ച മുൻപായിരുന്നു.
ബസുകളുടെ അമിത വേഗം, ഓവർടേക്കിങ്, സമയക്രമം, ഫിറ്റ്നസ് തുടങ്ങിയ കാര്യത്തിലെല്ലാം ഹൈക്കോടതിയുടെ ഒട്ടേറെ വിധികൾ ഉണ്ടായിട്ടും ഇതിനെ എല്ലാം ‘ഓവർടേക്ക്’ ചെയ്തു യഥേഷ്ടം പായുകയാണു നഗരത്തിലെ ബസുകൾ. കഴിഞ്ഞ 28നു വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 233 സ്വകാര്യ ബസ് കണ്ടെത്തുകയും 55 ബസ് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയും നടപടിയും പേരിനു മാത്രമാകുമ്പോൾ അപകടങ്ങൾ.
വാഹനം കൂടുന്നു; റോഡ് പഴയ റോഡ്
എല്ലാ അപകടങ്ങൾക്കും കാരണം ബസ് ഡ്രൈവർമാരാണെന്ന ധാരണ ശരിയല്ലെന്ന നിലപാടാണു ബസ് ഉടമകൾക്ക്.
നഗരത്തിൽ അനുദിനം വാഹനങ്ങൾ വർധിക്കുകയാണ്. അതിനനുസരിച്ചു റോഡുകൾ വികസിക്കുന്നില്ല.
വാഹനം ഓടിച്ചു പഠിക്കുന്നവർ പോലും നഗരത്തിലെ പ്രധാന നിരത്തുകളിലേക്കാണ് ഇറങ്ങുന്നത്. റോഡ് വികസനം, ഗതാഗത പരിഷ്കാരം, റോഡ് സുരക്ഷാ അവബോധം തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ നടപടികൾ സ്വീകരിക്കാതെ എല്ലാ തെറ്റുകൾക്കും ബസുകാരെ പഴിചാരുന്നതിൽ അർഥമില്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി.
സുനീർ പറഞ്ഞു. ബസ് ജീവനക്കാർ നിയമലംഘനം നടത്തിയാൽ നടപടി എടുക്കണം.
എന്നാൽ കുഴിയിൽ ബൈക്ക് മറിഞ്ഞ് ആൾ മരിച്ചാലും അതിനു കാരണം സ്വകാര്യ ബസ് ആണെന്ന നിലപാടിനോടു യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുഭവിക്കുന്നത് വലിയ സമ്മർദം
ഓരോ മിനിറ്റ് വ്യത്യാസത്തിലാണു സിറ്റി ബസുകൾ സർവീസ് നടത്തുന്നത്. റോഡിലെ കുണ്ടും കുഴിയും സിഗ്നലുകളും ഗതാഗത തടസ്സവും കഴിഞ്ഞു സമയക്രമം പാലിക്കാൻ കഴിയാതെ വരുമ്പോഴാണു ബസുകൾക്കു പായേണ്ടി വരുന്നതെന്നു ജീവനക്കാർ പറയുന്നു.
നഗരത്തിൽ തിരക്കുള്ള ജംക്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകൾ ഉണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ ഇവരെ കണികാണാൻ കിട്ടില്ലെന്നും ബസ് ജീവനക്കാർക്കു പരാതിയുണ്ട്. പുലർച്ചെ നാലു മുതൽ രാത്രി 9 വരെ കടുത്ത സമ്മർദം അനുഭവിച്ചാണു ജോലി ചെയ്യുന്നതെന്നും ജീവനക്കാർ പറയുന്നു.
ലഹരി ഡ്രൈവ്
ലഹരി ഉപയോഗിച്ചാണു ഭൂരിഭാഗം ബസ് ഡ്രൈവർമാരും വാഹനം ഓടിക്കുന്നതെന്നും ബസ് സ്റ്റാൻഡുകൾ ലഹരി കേന്ദ്രങ്ങളാണെന്നും പറയുന്നത് ഒരു ബസ് ജീവനക്കാരൻ തന്നെയാണ്.
മദ്യം കഴിക്കുന്നതു പോലെ എളുപ്പത്തിൽ പൊലീസിനു കണ്ടുപിടിക്കാൻ കഴിയില്ലെന്ന ധൈര്യത്തിലാണു പലരും ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത്. ബസുകളിൽ കയറി പരിശോധിച്ചാൽ യഥേഷ്ടം ലഹരി മരുന്നുകൾ ലഭിക്കുമെന്നും പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും പരിശോധന ഇല്ലാത്തതു തന്നെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നതിനു കാരണമെന്നും ജീവനക്കാരിൽ ചിലർ പറയുന്നു.
റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
കളമശേരിയിൽ സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികനായ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൽ സലീം (43) മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണു നടപടി.അബ്ദുൽ സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ, അപകടത്തിലേക്കു നയിച്ച കാര്യങ്ങൾ,
ഇതേ ബസിനെതിരെ മുൻപ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു കമ്മിഷനെ ധരിപ്പിക്കണം. ആർഡിഒ, അസിസ്റ്റന്റ് കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ആർടിഒ എന്നിവരുടെ പ്രതിനിധികൾ സെപ്റ്റംബർ ഒന്നിനു പത്തടിപ്പാലം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ടു ഹാജരായി കാര്യങ്ങൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു കോളജ് വിദ്യാർഥി ഗോവിന്ദ് എൻ. ഷേണായി മരിച്ച സംഭവത്തിൽ കമ്മിഷൻ എടുത്ത കേസും അതേ ദിവസം പരിഗണിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]