മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളുടെ തകരാർ പരിഹരിക്കുന്നില്ലെന്നു പരാതി. അനസ്തീസിയ മെഷീൻ, എക്സ് റേ തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി ചേരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇന്നലെ വിളിച്ചു ചേർത്ത ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ നഗരസഭ ചെയർമാനും വൈസ് ചെയർമാനും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷനും വാർഡ് കൗൺസിലറും ഉൾപ്പെടെ പങ്കെടുക്കാതിരുന്നതോടെ പര്യാപ്ത പങ്കാളിത്തം തികയാതെ യോഗം പിരിച്ചു വിട്ടു.
തകരാറിലായ അനസ്തീസിയ മെഷീനിൽ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞിട്ടില്ല. അങ്കമാലി സർക്കാർ ആശുപത്രിയിൽ ഉപയോഗിക്കാത്ത അനസ്തീസിയ മെഷീൻ ഇവിടേക്കു കൊണ്ടുവരാൻ ധാരണ ആയെങ്കിലും ഈ നീക്കവും സ്തംഭിച്ചു.
ലക്ഷ്യയിലേക്കുള്ള അനസ്തീസിയ മെഷീനും ഫണ്ടിന്റെ അപര്യാപ്തത മൂലം ഇതുവരെ ലഭിച്ചിട്ടില്ല. 2021ൽ നൽകിയ ഫണ്ട് തികയാതെ വന്നതോടെ 40000 രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഈ തുക ഇതുവരെ സ്വരൂപിക്കാൻ എച്ച്എംസിക്കു സാധിച്ചിട്ടില്ല.
1998 ൽ സ്ഥാപിച്ച എക്സ് റേ മെഷീനും പ്രവർത്തിക്കുന്നില്ല.
പുതിയത് വാങ്ങണമെങ്കിൽ 14 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തി ജനറൽ ആശുപത്രിയിലേക്കു വാങ്ങിയ അൾട്രാ സൗണ്ട് സ്കാൻ മെഷീനും വിവിധ കാരണങ്ങളാൽ ഉപയോഗിക്കാതെ നശിക്കുന്ന സാഹചര്യമാണ്.
ഇക്കാര്യങ്ങൾ കൂടി ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇന്നലെ എച്ച്എംസി യോഗം വിളിച്ചത്.
നിലവിൽ ആശുപത്രിയുടെ എച്ച്എംസി യോഗം ചേരുന്നത് നാലും, അഞ്ചും മാസം കൂടുമ്പോഴാണെന്നാണ് ആക്ഷേപം. 4 മാസം മുൻപാണ് ഇതിനു മുൻപേ യോഗം ചേർന്നത്.
ജനറൽ ആശുപത്രിയുടെ വികസനം അട്ടിമറിക്കുന്ന നിലപാടുകളാണ് നഗരസഭയുടെയും എച്ച്എംസിലെ യുഡിഎഫ് അംഗങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. കിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജനറൽ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിനു നിർധന രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]