
കിഴക്കമ്പലം∙ കിഴക്കമ്പലം–നെല്ലാട് റോഡിൽ മഞ്ചനാട് സ്ഥിരം അപകട മേഖല ആകുന്നുവെന്ന് പരാതി.
ഒട്ടേറെ സമരങ്ങൾക്ക് ശേഷമാണ് കിഴക്കമ്പലം–നെല്ലാട് റോഡിന്റെ ടാറിങ് പൂർത്തീകരിച്ചത്. ടാറിങ് നടത്തിയതിനു ശേഷം അപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാർ ഒപ്പിട്ട
നിവേദനം മുഖ്യമന്ത്രിക്ക് നൽകിയത്. അടുത്തിടെ 20 അപകടങ്ങളാണ് ഉണ്ടായത്.
മഞ്ചനാട് പാലം മുതൽ 500 മീറ്റർ കിഴക്കോട്ട് അശാസ്ത്രീയമായി ഉയർത്തി റോഡ് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഒരുവശം പെരിയാർവാലിയുടെ ജലം മഞ്ചനാട് പാടശേഖരത്തിലേക്ക് പോകുന്ന കനാലും മറുഭാഗം പൂർത്തീകരിക്കാത്ത ആഴം കൂടിയ സ്ലാബ് ഇല്ലാത്ത ഓടയുമാണ്.
ഈ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള വീതി മാത്രമേയുള്ളൂ. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇതിലൂടെ സഞ്ചരിക്കുവാൻ പ്രയാസം നേരിടുന്നുണ്ട്. ഗതാഗത തിരക്കേറിയ ഈ റോഡിലൂടെ മഞ്ചനാട് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾ, തൊട്ടടുത്ത സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ, മംഗലത്തുനട
കാർഷിക വിപണന കേന്ദ്രത്തിലേക്ക് എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെ ആളുകൾ നിത്യേന സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തി തെക്കു ഭാഗത്തും വടക്കു ഭാഗത്തും സ്ലാബ് നിർമിച്ചോ, മറ്റു ബദൽ മാർഗങ്ങൾ സ്വീകരിച്ചോ, ദുരന്തത്തിൽ നിന്നു യാത്രക്കാരെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]