
കൊച്ചി∙ കഴിഞ്ഞ വർഷം സമുദ്രമത്സ്യ ലഭ്യതയിൽ കേരളം രാജ്യത്തു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 6.10 ലക്ഷം ടൺ ആണു ലഭിച്ചത്.
2023ൽ കേരളം രണ്ടാമതായിരുന്നു. ഇത്തവണ ഗുജറാത്തിനും (7.54 ലക്ഷം ടൺ) തമിഴ്നാടിനും (6.79 ലക്ഷം ടൺ) പിന്നിലാണു കേരളം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ 2 ശതമാനവും കേരളത്തിൽ 4 ശതമാനവും സമുദ്ര മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്. 2024ൽ ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമാണ്.
ദേശീയ തലത്തിൽ മത്തിയുടെ ലഭ്യത കുറഞ്ഞെങ്കിലും കേരളത്തിൽ 7.9% വർധിച്ചതായും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ്- 1.49 ലക്ഷം ടൺ. അയലയാണു രാജ്യത്താകെ ലഭ്യതയിൽ മുന്നിൽ – 2.63 ലക്ഷം ടൺ. കേരളത്തിൽ മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണു 2024ൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.
മുൻ വർഷത്തെ അപേക്ഷിച്ചു 2024ൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞപ്പോൾ കിഴക്കൻ തീരമേഖല വർധന രേഖപ്പെടുത്തി. കേരളത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു.
മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ വർധിച്ചു. തൃശൂർ മുൻവർഷത്തെ ലഭ്യത നിലനിർത്തി. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗമാണു വാർഷിക റിപ്പോർട്ട് തയാറാക്കിയത്.
മത്തി വിലയിൽ വൻ ഏറ്റക്കുറച്ചിൽ
കൊച്ചി∙ കേരളീയരുടെ ഇഷ്ട
മത്സ്യമായ മത്തിയുടെ ലഭ്യതയിലും വിലയിലും സംസ്ഥാനത്ത് അസാധാരണമായ ഏറ്റക്കുറച്ചിൽ ഉണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യ മാസങ്ങളിൽ ലഭ്യത തീരെ കുറഞ്ഞതോടെ വില കിലോയ്ക്ക് 400 രൂപ വരെ എത്തിയിരുന്നു.
എന്നാൽ സെപ്റ്റംബർ മുതൽ സ്ഥിതി മെച്ചപ്പെട്ടു. ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോയ്ക്ക് 20-30 രൂപ വരെ കുറയുകയും ചെയ്തു. ഏതാനും വർഷങ്ങളായി ലഭ്യതയിൽ ഇടിവുണ്ടായിരുന്ന മത്തി 2022ൽ തന്നെ തിരിച്ചുവരവു നടത്തിയിരുന്നു.
2022ൽ 1.10 ലക്ഷം ടൺ കിട്ടി. 2023ൽ 1.38 ലക്ഷം ടൺ ആയി.
ഇത്തവണ നില വീണ്ടും മെച്ചപ്പെടുത്തി 1.49 ലക്ഷം ടൺ ലഭ്യത രേഖപ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]