
അപകട സാധ്യത; മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളന്തുരുത്തി ∙ അപകട സാധ്യത കണക്കിലെടുത്തു മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്കു ഇന്നലെ മാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള ശോചനീയാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് സുരക്ഷിതമല്ലാത്തതിനാലുമാണു അടിയന്തര നടപടി. കഴിഞ്ഞ ദിവസം നടന്ന കോട്ടയം മെഡിക്കൽ കോളജിലെ അപകടം കൂടി കണക്കിലെടുത്താണു നീക്കം. ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം സുരക്ഷിതമല്ലെന്നു നേരത്തെ പരാതികൾ ഉണ്ടായിരുന്നു.
ഓഫിസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചു റവന്യു ടവർ നിർമിക്കുന്നതിനു 2 വർഷം മുൻപ് അനുമതി ലഭിച്ചതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ മാറ്റാൻ നടപടി തുടങ്ങിയിരുന്നു. ഇതനുസരിച്ചു വില്ലേജ് ഓഫിസിനും സബ് റജിസ്ട്രാർ ഓഫിസിനും മിനി സിവിൽ സ്റ്റേഷനിൽ സ്ഥലവും അനുവദിച്ചിരുന്നു. വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റിയെങ്കിലും രേഖകൾ സൂക്ഷിക്കാനുള്ള റെക്കോർഡ് റൂം ഒരുക്കാത്തതിനാലാണു സബ് റജിസ്ട്രാർ ഓഫിസ് മാറാതിരുന്നത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഓഫിസിനോടു ചേർന്നുള്ള പഴയ വില്ലേജ് ഓഫിസിന്റെ മേൽക്കൂര തകർന്നു. അന്നു സ്ഥലം സന്ദർശിച്ച അനൂപ് ജേക്കബ് എംഎൽഎ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു സബ് റജിസ്ട്രാർ ഓഫിസ് അടിയന്തരമായി മാറ്റണമെന്നു വകുപ്പ് മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതോടെയാണു ഓഫിസ് മാറ്റാനുള്ള നടപടി വേഗത്തിലായത്. റവന്യു ടവർ നിർമാണത്തിനുള്ള സാങ്കേതിക നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു.
രേഖകൾ സുരക്ഷിതമോ. ?
കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്നു മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തനം പഞ്ചായത്ത് ഓഫിസിനു പിറകിലെ മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിലേക്ക് മാറ്റിയെങ്കിലും രേഖകൾ ഇപ്പോഴും പഴയ ഓഫിസിലാണ്. രേഖകൾ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയാൽ മാത്രമേ പുതിയ ഓഫിസിലേക്ക് ഇവ മാറ്റാൻ കഴിയൂ.
6 ലക്ഷത്തോളം രൂപ ഇതിനു ചെലവു വരുമെന്നാണു കണക്കാക്കുന്നത്. സർക്കാരിനോടു പണം ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും തീരുമാനം നീളുകയാണ്. സുരക്ഷിതമായി സൂക്ഷിക്കേണ്ട വർഷങ്ങൾ പഴക്കമുള്ള രേഖകളാണു മാറ്റാനുള്ളത്. കെട്ടിടം തകർച്ചയുടെ വക്കിലായതിനാൽ രേഖകളുടെ സുരക്ഷ കണക്കിലെടുത്തു തൊട്ടടുത്തുള്ള പഴയ ട്രഷറി ഓഫിസ് കെട്ടിടത്തിലേക്കു മാറ്റാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ജീവനക്കാർ.