
അത്ര സ്മാർട്ടല്ല! സ്മാർട് എൽഇഡി തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയിൽ പാളിച്ചയെന്ന് ആക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നഗരത്തിലെ തെരുവുവിളക്കുകൾ സ്മാർട്ടായെങ്കിലും പലതും കത്തുന്നില്ലെന്നു വ്യാപക പരാതി. കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണു 32 കോടി രൂപ ചെലവിൽ നഗരത്തിൽ 40,000 സ്മാർട് എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കേന്ദ്രീകൃത സംവിധാനത്തിലൂടെയാണു നിയന്ത്രണമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, കേടായ വിളക്കുകൾ മാറ്റിയിടൽ പോലും നടക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, സ്മാർട് എൽഇഡി വിളക്കുകൾ സ്ഥാപിച്ച ഇടങ്ങളിൽ വെളിച്ചം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
കോർപറേഷനിൽ ഏകദേശം 74,000 തെരുവുവിളക്കുകളാണുണ്ടായിരുന്നത്. ഇതിൽ 40,000 എണ്ണമാണു സിഎസ്എംഎൽ പദ്ധതി പ്രകാരം എൽഇഡിയിലേക്കു മാറുന്നത്. മുഴുവൻ വിളക്കുകളും പൂർണമായി മാറ്റി സ്ഥാപിച്ചിട്ടില്ല. കോർപറേഷന്റെയും സിഎസ്എംഎലിന്റെയും തെരുവു വിളക്കുകളുടെ പരിപാലനം വെവ്വേറെ കരാറുകാരാണ്. കോർപറേഷൻ നേരിട്ടു സ്ഥാപിച്ച തെരുവുവിളക്കുകളുടെ തകരാർ പെട്ടെന്നു പരിഹരിക്കാറുണ്ടെങ്കിലും സിഎസ്എംഎല്ലിന്റെ കരാറുകാർ മെല്ലപ്പോക്കിലാണെന്നാണു പരാതി.
തെരുവുവിളക്കുകൾ തെളിയാതാകുന്നതോടെ നാട്ടുകാർ കോർപറേഷൻ കൗൺസിലർമാരെ വിളിക്കും. കൗൺസിലർമാർ കരാറുകാരെ വിളിച്ചാലും സ്മാർട് എൽഇഡി തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കാൻ ആളെത്തില്ല. അതങ്ങനെ നീണ്ടുനീണ്ടു പോകും. പ്രശ്നം പലവട്ടം കൗൺസിലിൽ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നു കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു.വൈദ്യുത തൂണുകളിൽ തെരുവുവിളക്കുകൾക്കായുള്ള സ്ട്രീറ്റ് മെയിൻ ലൈനുകൾക്കു താഴെയാണു കോർപറേഷൻ തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നത്.
എന്നാൽ സിഎസ്എംഎൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത് ഈ ലൈനുകൾക്കു മുകളിലാണ്. അതിനാൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ആ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതോടെ ഈയാവശ്യത്തിനുള്ള കോർപറേഷന്റെ വൈദ്യുതി ബില്ലിൽ 41% കുറവു വരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. ഈ വർഷം ജൂണിലെ കണക്കു പ്രകാരം തെരുവുവിളക്കുകളുടെ വൈദ്യുതി ബിൽ 1.29 കോടി രൂപയാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു ഗണ്യമായ കുറവ് വൈദ്യുതി ബില്ലിലുണ്ടായിട്ടില്ലെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി.