
‘വരിക വരിക സഹജരേ, ലഹരിതടയും സമരമായ്’, ‘വീണ്ടെടുക്കാം നല്ല കേരളം’: ബോധവൽക്കരണ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ ∙ വിദ്യാർഥികളുടെ മൊബൈൽ ഫോണുകളും ബാഗും ഇടയ്ക്കെങ്കിലും മാതാപിതാക്കൾ പരിശോധിക്കണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം ക്യാംപസുകളിൽ നിന്നു തുടങ്ങണമെന്നും എറണാകുളം റൂറൽ നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ. മലയാള മനോരമ ‘വീണ്ടെടുക്കാം നല്ല കേരളം’ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുമായി ചേർന്നു സംഘടിപ്പിച്ച ‘തേടാം, ജീവിതലഹരി’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിവൈഎസ്പി.
പ്രിൻസിപ്പൽമാർ ആവശ്യപ്പെട്ടാൽ കോളജുകളിലും ഹോസ്റ്റലുകളിലും പരിശോധന നടത്താൻ പൊലീസ് തയാറാണെന്നു ഡിവൈഎസ്പി പറഞ്ഞു. ലഹരിവിപണനം സംബന്ധിച്ചു വിദ്യാർഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കർശന നടപടിയും ഉറപ്പാക്കും. ലഹരിവലയിൽ കുടുങ്ങുന്ന ഭൂരിഭാഗം യുവാക്കളുടെയും ജീവിതം അവിടെ അവസാനിക്കുകയാണെന്നും ലഹരിവിൽപന കേസുകളിൽ പെട്ടു ജയിൽശിക്ഷ കിട്ടുന്ന വിദ്യാർഥികളുടെ കരിയറും ഭാവിയുമെല്ലാം അനിശ്ചിതത്വത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. മകൻ ലഹരിവലയിൽ കുരുങ്ങിയതിനെ തുടർന്നു തിരുവല്ലയിൽ മാതാപിതാക്കൾ കാറിനു തീകൊളുത്തി ജീവനൊടുക്കിയ സംഭവവും അദ്ദേഹം വിവരിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കോളജ് ഡയറക്ടർ വി.എച്ച്.അബ്ദുൽ സലാം പറഞ്ഞു. ഏതെങ്കിലും വിദ്യാർഥിയെ ലഹരിയുമായി ബന്ധപ്പെട്ടു തെളിവോടെ പിടികൂടിയാൽ കോളജിൽ നിന്നു പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എം.എച്ച്.ഫൈസൽ, മലയാള മനോരമ ചീഫ് റിപ്പോർട്ടർ എം.ആർ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
ലഹരിപ്രവാഹം തുടരുന്നു
ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്കു ഭീതിദമാം വിധം വർധിക്കുകയാണെന്ന വെളിപ്പെടുത്തലുമായി റൂറൽ നർക്കോട്ടിക് വിഭാഗം മേധാവി ജെ.ഉമേഷ്കുമാർ. ‘തേടാം ജീവിതലഹരി’ സെമിനാർ ഉദ്ഘാടനം ചെയ്യവേയാണു കഴിഞ്ഞ മൂന്നു മാസത്തെയും 2024ലെയും ലഹരിക്കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. എറണാകുളം റൂറൽ ജില്ലയിൽ 2024ൽ റജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ 48 ശതമാനത്തിലേറെ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസം കൊണ്ടു മാത്രം റജിസ്റ്റർ ചെയ്യപ്പെട്ടതായും ഡിവൈഎസ്പി പറഞ്ഞു.
‘യുവത്വത്തെ ലഹരി മൃഗതുല്യരാക്കുന്നു’
ലഹരിക്കടിമയാകുന്ന യുവാക്കൾ മൃഗതുല്യരായി മാറുകയാണെന്നും ഇന്നു സംസ്ഥാനത്തു നടക്കുന്ന 90% അക്രമങ്ങളുടെയും പിന്നിൽ ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.എസ്.ഇബ്രാഹിം. ‘തേടാം, ജീവിതലഹരി’ ക്യാംപെയ്നിൽ ക്ലാസെടുക്കുകയായിരുന്നു. രക്തബന്ധങ്ങൾ പോലും മറന്നുള്ള അക്രമങ്ങൾ പതിവാകുന്നു. ലഹരി ഉപയോഗത്തെ തുടർന്നു കൗൺസലിങ് സെന്ററുകളിലെത്തുന്ന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അനുഭവസാക്ഷ്യങ്ങൾ മനസ്സു മരവിപ്പിക്കുകയാണെന്നും എക്സൈസ് വിമുക്തി കൗൺസലർ കൂടിയായ ഇബ്രാഹിം പറഞ്ഞു.
ലഹരിമാഫിയ പടച്ചുവിടുന്ന വ്യാജ പൊതുബോധ നിർമിതികൾ യുവാക്കളെ ആഴത്തിൽ സ്വാധീനിക്കുന്നു. സമൂഹമാധ്യമങ്ങളെ അന്ധമായി വിശ്വസിക്കുന്ന യുവാക്കളുടെ എണ്ണം ഏറുന്നതാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ലഹരിവിരുദ്ധ ക്യാംപെയ്ൻ എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുകയാണെങ്കിൽ കേരളത്തിലെ മുഴുവൻ പൗരന്മാരും ലഹരിക്കെതിരെയുള്ള പടയാളികളായി മാറുമെന്നും ഇബ്രാഹിം പറഞ്ഞു.
2025 ജനുവരി മുതൽ മാർച്ച് 31 വരെയുള്ള ലഹരി കേസുകളും പിടിച്ചെടുത്ത ലഹരിമരുന്നും.
കേസുകളുടെ എണ്ണം: 987.
കഞ്ചാവ്: 33.25 കിലോഗ്രാം.
എംഡിഎംഎ: 79.59 ഗ്രാം.
ഹെറോയിൻ: 21.48 ഗ്രാം.
ഹഷീഷ് ഓയിൽ: 887.8 ഗ്രാം.
2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക്
കേസുകളുടെ എണ്ണം: 2037.
കഞ്ചാവ്: 270 കിലോഗ്രാം.
എംഡിഎംഎ : 748.98 ഗ്രാം.
ഹെറോയിൻ: 228.29ഗ്രാം.
ഹഷീഷ് ഓയിൽ: 88.84 ഗ്രാം.