
കുമ്പളം– തേവര പാലം സ്ഥല മൂല്യനിർണയം തുടങ്ങി; സ്ഥലം നഷ്ടപ്പെടുന്നവർക്ക് പൊന്നുംവില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളം ∙ നിർദിഷ്ട തേവര കുമ്പളം പാലത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ മൂല്യനിർണയം തുടങ്ങി. പാലം നിർമാണത്തിലെ സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം കെ. ബാബു എംഎൽഎയുടെ അഭ്യർഥനയെത്തുടർന്ന് ജൂൺ 27 വരെ നീട്ടിയ സാഹചര്യത്തിലാണിത്. കുമ്പളത്ത് വീടുകളെ അധികം ബാധിക്കാത്ത തരത്തിൽ 9 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ചുറ്റുമതിൽ, ഗേറ്റ്, കിണർ, സെപ്റ്റിക് ടാങ്ക്, വാട്ടർ ടാങ്ക് എന്നിവയാണ് പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുക. ഒരാളുടെ കെട്ടിടം പൂർണമായി പൊളിക്കേണ്ടി വരും.സ്ഥലം ഏറ്റെടുക്കൽ പ്രത്യേക തഹസിൽദാരുടെ (എൽഎ) നിർദേശാനുസരണം മരാമത്ത് ബിൽഡിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മൂല്യ നിർണയം നടത്തി.
റിപ്പോർട്ട് എത്രയും പെട്ടെന്നു കൈമാറി പൊന്നുംവില നടപടിയിലൂടെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. 2016 ഒക്ടോബർ 31ന് 100 കോടി രൂപയുടെ ഭരണാനുമതിയും 2018 നവംബർ 12ന് 97.4 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ച പാലം ദേശീയ ജലപാത– 3 നു കുറുകെയാണ് നിർമിക്കേണ്ടത്. സാങ്കേതിക കാരണങ്ങൾ ഉയർത്തി ഉൾനാടൻ ജലഗതാഗത അതോറിറ്റി അനുമതി നൽകിയില്ല. ഇതോടെ പ്രായോഗികമല്ല എന്നു പറഞ്ഞ് 2021ന് ഉപേക്ഷിച്ച പദ്ധതിയാണ് നിരന്തര ശ്രമത്തിലൂടെ അനുമതി നേടി നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് എംഎൽഎ പറഞ്ഞു.
40 മീറ്റർ സർവീസ് റോഡ് ഉൾപ്പെടെ ഇരുഭാഗത്തും അപ്രോച്ച് റോഡ്, കുമ്പളം ഭാഗത്ത് ജല മെട്രോയുടെ പാർക്കിങ് സ്ഥലത്തു നിന്ന് മെട്രോ ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് 2.50 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ലഭിക്കുന്ന വിധത്തിൽ അണ്ടർപാസ് എന്നിവ ഉണ്ടാകും.തീരദേശ പരിപാലന നിയമപ്രകാരം പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തുന്നതിന് നാസിക്കിലെ മന്ത്രാസ് ഗ്രീൻ റിസോഴ്സസിനെയാണ് 8.37 ലക്ഷം രൂപയ്ക്കു കരാർ ഏൽപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസാണ് സിആർസെഡ് മാപ്പിങ് റിപ്പോർട്ട് തയാറാക്കുന്നത്. 5.66 ലക്ഷം രൂപയ്ക്കാണ് കരാർ. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) പദ്ധതിയുടെ നിർവഹണ ചുമതല.