നെട്ടൂർ∙ ഞെട്ടിത്തരിച്ചു നിൽക്കുകയാണു ലതീഷ്. ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപ താൻ വിറ്റ ടിക്കറ്റിനാണെന്നു പറഞ്ഞ് ഭഗവതി ലോട്ടറി ഏജൻസീസിൽ നിന്നു വിളി വന്നപ്പോൾ ലതീഷിനു കരച്ചിൽ വന്നു; ബംപറിന്റെ ആനന്ദക്കണ്ണീര്! 30 വർഷം മുൻപു തുടങ്ങിയ വെളിച്ചെണ്ണ കച്ചവടത്തിൽ നിന്ന് ഒന്നു മാറ്റിപ്പിടിച്ചാണു മാസങ്ങൾക്കു മുൻപു ലതീഷ് ലോട്ടറി കച്ചവടം കൂടി തുടങ്ങിയത്.
ലോട്ടറി വിൽപന തുടങ്ങി ഒരു മാസമാകുന്നതിനു മുൻപു കഴിഞ്ഞ ജൂലൈയിൽ ഒരു കോടി രൂപയുടെ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിനു ലഭിച്ചു. അതോടെ ടിക്കറ്റ് വിൽപനയും കൂടി.
‘ബംപർ നെട്ടൂരുകാർക്കു തന്നെ അടിക്കണമെന്നാണ് ആഗ്രഹം.
പലപ്പോഴും ടിക്കറ്റ് തീരാതെയിരിക്കുമ്പോൾ എന്നെ സഹായിക്കാനായി അവരാണു ടിക്കറ്റ് എടുക്കാറുള്ളത്. എന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഭാഗ്യമാണിത്’– ലതീഷ് പറയുന്നു.ലോട്ടറി വിൽപനയിൽ സജീവമാണെങ്കിലും എണ്ണക്കച്ചവടം ലതീഷ് നിർത്തിയിട്ടില്ല.
കടയ്ക്കു മുന്നിൽ തട്ടു വച്ച് അതിലാണു വിൽപന. ‘ഇതു ഭാഗ്യത്തട്ടാണ്.
ദിവസക്കൂലിക്കാരായ സാധാരണക്കാരാണ് ഇവിടെ നിന്നു ടിക്കറ്റ് എടുക്കുന്നത്’– ലതീഷ് പറയുന്നു. രാധികയാണു ഭാര്യ.
അശ്വിനും ആശിഷും മക്കൾ.
പഴയ കോടിപതി ഒളിവിൽ തന്നെ!
നെട്ടൂർ ∙ ജൂലൈയിൽ രോഹിണി ട്രേഡേഴ്സ് വഴി വിറ്റ കാരുണ്യ പ്ലസ് ലോട്ടറിയുടെ പിജി 324114 നമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരുന്നു.
എന്നാൽ ആ ഭാഗ്യശാലിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.അതിന്റെ കമ്മിഷൻ ഏജൻസി മൂന്നാം ദിവസം തന്നെ ലതീഷിനു ലഭിച്ചിരുന്നു. ഓണം ബംപറിന്റെ കാര്യത്തിലും 10% തുക ലതീഷിനു ലഭിക്കും.
അതായത് രണ്ടര കോടി രൂപ.
‘‘എത്ര രൂപ കിട്ടിയാലും ഞാൻ ഹാപ്പിയാണ്. എനിക്കു സ്വപ്നം കാണാൻ പറ്റാത്ത തുകയാണ്.
ഇപ്പോഴേ തല കറങ്ങുന്നു. 25 കോടി എനിക്കടിച്ചാൽ ഭ്രാന്തായിപ്പോകും’’– മനസ്സിലെ സന്തോഷം ലതീഷ് പങ്കുവയ്ക്കുന്നു.സമ്മാന വിജയത്തിന്റെ ബാനർ വച്ചു ജബ്ബാർ പാപ്പനയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും ലതീഷിന്റെ വിജയത്തിൽ പങ്കു ചേർന്നു. ലോട്ടറി കച്ചവടത്തിലേക്കു തിരിഞ്ഞപ്പോൾ ഇതു ശരിയാവില്ലെന്നും നിർത്തണമെന്നും പലരും പറഞ്ഞതാണ്.
ഇനിയാരും അതു പറയില്ല– ലോട്ടറി തട്ടിൽ വീണ്ടും ടിക്കറ്റുകൾ നിരത്തുമ്പോൾ ലതീഷിന്റെ വാക്കുകളിൽ ആത്മവിശ്വാസം.
മൂന്നാം സമ്മാനവും വൈറ്റിലയിൽ
തിരുവോണം ബംപറിലെ മൂന്നാം സമ്മാനം 50 ലക്ഷം രൂപയും ഭഗവതി ഏജൻസീസ് വഴി വിറ്റ ടിക്കറ്റിനാണ്. വൈറ്റില ജംക്ഷനിലുള്ള ശ്രീഹരി ലക്കി സെന്ററിലെ കാളിരാജ് വഴിയാണ് ഈ ടിക്കറ്റ് വിറ്റത്. ഭഗവതി ഏജൻസീസ് വഴി വിറ്റ ടിക്കറ്റുകൾക്ക് 4 വർഷത്തിനിടെ രണ്ടാം തവണയാണ് ഓണം ബംപർ അടിക്കുന്നത്. 2022ലെ ഒന്നാം സമ്മാനം ഏജൻസി തിരുവനന്തപുരം പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റിനായിരുന്നു. ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി പി.
തങ്കരാജനാണ് ഭഗവതി ലോട്ടറി ഏജൻസീസ് ഉടമ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]