കങ്ങരപ്പടി ∙ കൈപ്പടമുകളിൽ മാർത്തോമ്മാ ഭവന്റെ ചുറ്റുമതിൽ തകർത്ത് ‘റെഡിമെയ്ഡ്’ മുറികൾ കൊണ്ടുവന്നു സ്ഥാപിച്ചതായി പരാതി. 80 മീറ്ററോളം ചുറ്റുമതിൽ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് തകർത്തത്. രാത്രി തന്നെ മതിലിന്റെ പൊളിച്ച ഭാഗം നീക്കം ചെയ്യുകയും ചെയ്തു.
രാവിലെയാണ് മാർത്തോമ്മാ ഭവനിലുള്ളവർ സംഭവം അറിഞ്ഞത്. പരാതിയെത്തുടർന്ന് പൊലീസെത്തി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പൊലീസ് തിരികെ പോയതിനു ശേഷവും ജോലി തുടർന്നപ്പോൾ പള്ളി അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യനും പള്ളിയിൽ പ്രാർഥനക്കു ചെന്ന കുന്നത്തുപറമ്പിൽ കെ.കെ.ജിൻസണും എത്തി ജോലികൾ നിർത്തിവയ്ക്കാൻ പറഞ്ഞു.
ഇതിൽ പ്രകോപിതരായ 3 അംഗ സംഘം തന്നെയും ഫാ.സെബാസ്റ്റ്യനെയും ആക്രമിക്കുകയായിരുന്നുവെന്നു തനിക്ക് മർദനമേറ്റെന്നും ഫാ.സെബാസ്റ്റ്യനെ കല്ലെറിഞ്ഞുവെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും ജിൻസൺ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
40 വർഷത്തോളമായി ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കത്തിലുള്ള ഭൂമിയുടെ മതിലാണ് പൊളിച്ചുമാറ്റിയിട്ടുള്ളത്. സംഘർഷത്തിൽ തങ്ങളുടെ ജോലിക്കാരിലൊരാളായ അതിഥിത്തൊഴിലാളിക്കും പരുക്കേറ്റതായി എതിർപക്ഷം അറിയിച്ചു.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു തങ്ങൾക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും പകൽ പൊളിക്കാൻ ശ്രമിച്ചാൽ സംഘർഷം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ് രാത്രി പൊളിച്ചതെന്നും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിലാണ് റെഡിമെയ്ഡ് മുറികൾ സ്ഥാപിച്ചിട്ടുള്ളതെന്നും ഇവർ അവകാശപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]