കൊച്ചി ∙ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തുകളിൽ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും സംയുക്തമായി കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൽ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ, നിയമത്തിന് മുന്നിലെത്തിച്ച് കർശന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പൊലീസ് മേധാവി അസിസ്റ്റന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തിൽ അന്വേഷണം നടത്തണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അബ്ദുൽ സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ, അപകടത്തിലേക്ക് നയിച്ച വസ്തുതാപരമായ കാര്യങ്ങൾ, ഈ ബസിനെതിരെ മുൻപ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അസിസ്റ്റന്റ് കമ്മിഷണർ അന്വേഷിച്ച് കമ്മിഷനെ ധരിപ്പിക്കണം. ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമ്മിഷനിൽ സമർപ്പിക്കണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ അമിത വേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും കമ്മിഷനെ അറിയിക്കണം.
സ്വകാര്യ ബസ് ഡ്രൈവർമാർ നടത്തുന്ന അപകടങ്ങൾ ഒഴിവാക്കാൻ പൊലീസ് സ്വീകരിച്ചുവരുന്ന പ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും സമർപ്പിക്കണം. ആർടിഒ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ കലക്ടർ, ആർടിഒ, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും സംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടർക്ക് വേണ്ടി ആർടിഒ, ജില്ലാ പൊലീസ് മേധാവിക്ക് വേണ്ടി അസിസ്റ്റന്റ് കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ആർടിഒ എന്നിവരുടെ പ്രതിനിധികൾ എന്നിവർ സെപ്റ്റംബർ ഒന്നിന് പത്തടിപ്പാലം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാർഥി ഗോവിന്ദ് എൻ. ഷേണായി മരിച്ചതുമായി ബന്ധപ്പെട്ട് കമ്മിഷൻ ജൂലൈ 30ന് റജിസ്റ്റർ ചെയ്ത കേസും സെപ്റ്റംബർ ഒന്നിന് പരിഗണിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]