
പറവൂർ ∙ മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. മതിലുകളിലും പറമ്പിലും ചുവരുകളിലും മുറികളിലും ഒച്ചുകൾ എത്തുന്നു.
സാധാരണ ഒച്ചുകളെക്കാൾ വലുപ്പമുള്ള ഇവ പലയിടത്തും കാർഷിക വിളകൾ നശിപ്പിക്കുന്നുണ്ട്. ഉപ്പു വിതറിയും പുകയില കഷായവും തുരിശും ചേർത്ത മിശ്രിതം തളിച്ചും ഒച്ചുകളെ തുരത്താൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.നഗരത്തിലും സമീപ പഞ്ചായത്തുകളുടെ പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യമുണ്ട്.
മഴ ഇനിയും ശക്തമായാൽ പ്രതിസന്ധി രൂക്ഷമാകും.
ചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് ഒച്ച് ശല്യം രൂക്ഷമാണെന്നു നാട്ടുകാരനും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജയ്സൻ ജേക്കബ് പറഞ്ഞു. ഒരു ഞണ്ടിന്റെ വലുപ്പത്തിൽ വരെ ഇവയെ കാണുന്നുണ്ട്.
ഇവയുടെ സ്രവം ശരീരത്തിന് വീണാൽ കുറെ ദിവസം ചൊറിച്ചിൽ ഉണ്ടാകുന്നു. പപ്പായ, വാഴ, പച്ചക്കറികൾ എന്നിവയുടെ ഇലകൾ ഒച്ച് നശിപ്പിക്കുകയാണ്.
ഉപയോഗ ശൂന്യമായി കിടക്കുന്ന വീടുകളിലും പറമ്പുകളിലും ഒച്ചുകൾ പെരുകുന്നു.
ഒച്ചിനെ നശിപ്പിക്കാൻ മാത്രം ഒട്ടേറെ പാക്കറ്റ് ഉപ്പ് ഓരോ വീട്ടുകാരും വാങ്ങുന്നുണ്ട്. ഒച്ച് ശല്യം ഇല്ലാതാക്കാനായി ആരോഗ്യ വിഭാഗം നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.‘മെനെഞ്ചയിറ്റിസ്’ പോലുള്ള രോഗങ്ങൾ വരാൻ ആഫ്രിക്കൻ ഒച്ചുകൾ കാരണമായേക്കുമെന്നു മുൻ വർഷങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.
ഗ്ലൗസ് ഉപയോഗിക്കാതെ ആഫ്രിക്കൻ ഒച്ചിനെ തൊടരുത്.
ഒച്ചിന്റെ ശരീരത്തിൽനിന്നു വരുന്ന സ്രവം മനുഷ്യശരീരത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം, ഒച്ചിന്റെ സ്രവവും കാഷ്ടവും പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ നന്നായി കഴുകിയും വേവിച്ചും മാത്രമേ പച്ചക്കറികൾ കഴിക്കാവു, കിണറുകൾക്കകത്ത് ഒച്ചുകൾ പറ്റിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]