
പ്രിൻസിപ്പലോ അധ്യാപികയോ അല്ല, പക്ഷേ ആർഎൽവി കോളജിൽ ശിൽപമായും ചിത്രമായും നിറഞ്ഞ് ചെല്ലമ്മ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ഏറ്റവും കൂടുതൽ ശിൽപങ്ങൾ ഉള്ളത് ആരുടെയാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ‘ചെല്ലമ്മ രവി’. കോളജിന്റെ പ്രവേശന കവാടത്തിലും അകത്തളങ്ങളിലും കോഫി ഷോപ്പിലും എന്നുവേണ്ട കോളജിന്റെ വരാന്തയിലും ചെല്ലമ്മ മുത്തശ്ശിയെ കാണാം. കോളജ് മുഴുവനും ശിൽപമായും ചിത്രമായും നിറഞ്ഞു നിൽക്കുന്ന ചെല്ലമ്മ മുൻ പ്രിൻസിപ്പലോ അധ്യാപികയോ അല്ല, പിന്നെ എന്താണിവിരുടെ റോൾ ? ഉത്തരം ലളിതം, വിദ്യാർഥികളുടെ പ്രിയപ്പെട്ട മോഡലാണ് ചെല്ലമ്മ രവി.
12 വർഷമായി ഇവിടെയുള്ള ശിൽപകലാ വിദ്യാർഥികൾക്കും പെയ്ന്റിങ് വിദ്യാർഥികൾക്കും മോഡലാണ് ചൂരക്കാട് സ്വദേശിനിയായ ചെല്ലമ്മ. ‘‘രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഒരേ ഇരിപ്പാണ്, കുട്ടികൾ പറയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരിക്കണം. രാവിലെ വന്നാൽ ഈ ഇരിപ്പുതന്നെ. ഭക്ഷണം കഴിക്കാൻ മാത്രമാണ് വിശ്രമം. ചിലപ്പോൾ താഴെ കസേരയിലിരിക്കണം, കസേര മേശയുടെ മുകളിലിടുമ്പോൾ അതിന്റെ മുകളിലും കയറിയിരിക്കണം’’ – ചിരിയോടെ ചെല്ലമ്മ പറയുന്നു.
വർഷങ്ങൾക്കു മുൻപ് അങ്കണവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തിരുന്നു. ഭർത്താവ് രവിക്കു പണിയൊന്നുമില്ല എന്നകാര്യം അങ്കണവാടിടീച്ചറോട് ഒരിക്കൽ പറഞ്ഞു. ടീച്ചറുടെ ഭർത്താവും ആർഎൽവിയിലെ അധ്യാപകനുമായ മനോഹരൻ കോളജിലേക്കു പോരാൻ പറഞ്ഞു. അങ്ങനെ രവി കുറേക്കാലം ആർഎൽവിയിലെ മോഡൽ ആയി. അദ്ദേഹം മരിച്ചപ്പോൾമുതൽ ചെല്ലമ്മ ആ റോൾ ഏറ്റെടുക്കുകയായിരുന്നു. ‘12 വർഷമായി കുട്ടികളോടു കഥ പറഞ്ഞും അവരുടെ വിശേഷങ്ങൾ കേട്ടും അവർക്കൊപ്പം ചോറുണ്ടും ചായ കുടിച്ചും ഞാൻ ഇങ്ങനെയങ്ങു പോകുന്നു’ – വാക്കുകളിൽ സംതൃപ്തി നിറച്ച് ചെല്ലമ്മ പറഞ്ഞു.
പലരും നിർത്തിപ്പോയ ജോലിയാണിതെന്ന് അധ്യാപകർ പറയുന്നു. 5 മിനിറ്റു പോലും അനങ്ങാതെ ഇരിക്കാൻ കഴിയാത്തപ്പോഴാണ് ചെല്ലമ്മ മണിക്കൂറുകൾ ഇങ്ങനെയിരിക്കുന്നത്. പലർക്കും അദ്ഭുതമാണ് ചെല്ലമ്മയെന്ന് അധ്യാപകർ പറഞ്ഞു. മുൻപ് 350 രൂപയായിരുന്ന കൂലി. രണ്ടു വർഷം മുൻപ് 730 രൂപയായി സർക്കാർ ഉയർത്തിയതാണ് ചെറിയ ആശ്വാസം. ദിവസേന കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന ചെല്ലമ്മയുടെ പ്രായം എത്രയാണെന്നു ചോദിച്ചാൽ – ‘ഒരു 70 കൂട്ടിക്കോ’ എന്ന് അൽപം നാണത്തോടെ ഉത്തരം.