
കട്ട വിരിക്കൽ മൂലം ചെളിക്കളമായി മാറിയ വൈറ്റില മൊബിലിറ്റി ഹബ്ബിലെ ദുരിതം വിവരണാതീതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈറ്റില∙ ഉഴുതു മറിച്ച പാടം പോലെ കിടക്കുകയാണ് വൈറ്റില മൊബിലിറ്റി ഹബ്. തെന്നി വീഴുന്നവർ ചെളി കഴുകുന്നത് പതിവു കാഴ്ച. ചെളി പറ്റാതെ ബസിൽ കയറിപ്പറ്റുന്നവർ ഭാഗ്യവാൻമാർ എന്നു മാത്രമേ പറയാനാകൂ എന്ന് ബസ് ജീവനക്കാർ പറയുന്നു. കാൽപാദം മൂടുന്ന ചെളിയിലൂടെ നടക്കാൻ അഭ്യാസം അറിഞ്ഞിരിക്കണം.കൊച്ചി സ്മാർട് മിഷൻ പദ്ധതിയുടെ ഭാഗമായി കട്ട വിരിക്കാനാണ് ഈ അതിക്രമം. മഴ തുടങ്ങിയപ്പോൾ തുടങ്ങിയ കട്ടപൊളിക്കലാണ്. ഇത്ര തിരക്കുള്ള ഹബ്ബിൽ മഴയത്ത് ഒറ്റയടിക്കു ടൈൽ വിരിക്കാൻ അനുമതി നൽകിയവരെ സമ്മതിക്കണം.ഹബ്ബിന്റെ തെക്കു വശം മുതലാണ് പഴയ കട്ട പൊളിച്ചു തുടങ്ങിയത്. ഇതുവരെ തീർന്നിട്ടില്ല. കട്ട പൊളിച്ച ഇടങ്ങളിൽ ജിഎസ്പി മിശ്രിതം ഇട്ടെങ്കിലും മഴയിൽ അതെല്ലാം ഇളകി കുണ്ടും കുഴിയുമായി. പഴയ കട്ട മുഴുവൻ പൊളിച്ചു മാറ്റിയശേഷം പുതിയതു വിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
രാത്രിയിൽ പണി നടക്കുന്നതാകട്ടെ ഒച്ചിഴയും പോലെയാണ്. ചില രാത്രികളിൽ അവധിയായിരിക്കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ചില രാത്രികളിൽ ചെളി കോരിമാറ്റാൻ മാത്രമേ നേരമുണ്ടാകൂ. മഴയത്താണെങ്കിലും പകുതി വീതം ചെയ്തിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നെന്ന് ഡ്രൈവർമാർ പറയുന്നു. ഹബ്ബിൽ ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തെ അവസ്ഥയും പരിതാപകരമാണ്. മഴ പെയ്താൽ ചെളിവെള്ളം നിറയും, കാറ്റടിച്ചു ദേഹമാകെ നനയും. തെന്നി വീഴാതെ നോക്കുകയും വേണം.ടൈൽ വിരിക്കൽ മഴയത്തു നടത്തരുതെന്ന് അധികൃതരോട് പറഞ്ഞിരുന്നതാണെന്ന് കൗൺസിലർ സുനിത ഡിക്സൺ പറഞ്ഞു. കുറച്ചു ദിവസമായി പണി കാര്യമായി നടക്കുന്നില്ലെന്ന വിവരം കിട്ടിയിട്ടുണ്ട്.ഇന്ന് ജോലി പൂർണതോതിൽ പുനരാരംഭിച്ചില്ലെങ്കിൽ ഹബ്ബിൽ കുത്തിയിരിക്കുമെന്ന് സുനിത പറഞ്ഞു. കഴിഞ്ഞ വർഷം സുനിത ഒറ്റയാൾ സമരം നടത്തിയതിനെത്തുടർന്നാണ് ഹബ്ബിലെ ഓട്ടയടയ്ക്കൽ നടന്നത്.