
മൂവാറ്റുപുഴ ആശുപത്രിയിലെ പഴയ ഒപി കെട്ടിടം ഇടിഞ്ഞുവീഴാം…, ഏതു സമയത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ ജനറൽ ആശുപത്രിയിൽ കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ഉള്ള പഴയ ഒപി കെട്ടിടം ആശുപത്രിയിൽ എത്തുന്നവർക്ക് ഭീഷണിയാകുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപം ഉള്ള ആശുപത്രി കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്.6 പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിട്ടും വർഷങ്ങൾ കഴിഞ്ഞു. കെട്ടിടത്തിൽ ത്വക് രോഗ വിഭാഗവും നേത്ര രോഗ വിഭാഗവും ടിബി യൂണിറ്റും ഫാർമസി സ്റ്റോറും പാലിയേറ്റീവ് യൂണിറ്റും സമീപ കാലം വരെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി ഉൾപ്പെടെ താഴേക്കു പതിക്കാൻ തുടങ്ങിയതോടെയാണു ഇതെല്ലാം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയത്.കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാൻ ഏഴു വർഷം മുൻപ് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഓങ്കോളജി ഡിപ്പാർട്മെന്റിന്റെ വിപുലീകരണം കൂടി ലക്ഷ്യമിട്ട് മുൻ 2019 – 20 സാമ്പത്തിക വർഷത്തെ ബജറ്റിൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക് നിർമിക്കാൻ 5 കോടി രൂപയാണ് അനുവദിച്ചത്. എംഎൽഎ ആയിരുന്ന എൽദോ ഏബ്രഹാമിന്റെ ഇടപെടലിനെ തുടർന്ന് ആദ്യഘട്ടമായി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.
എന്നാൽ ഫണ്ട് അനുവദിച്ചതിനു പിന്നാലെയുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് തുടർ നടപടികൾ നിലച്ചു.പിന്നീട് മാത്യു കുഴൽനാടൻ എംഎൽഎ ആശുപത്രി വികസനത്തിന്റെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കെട്ടിടം പൊളിക്കാനും പുതിയ കെട്ടിടം നിർമിക്കാനും പദ്ധതി തയാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ മന്ത്രി പദ്ധതിക്ക് അംഗീകാരം നൽകാൻ വിമുഖത കാണിച്ചെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.ചോർന്നൊലിച്ചു ബലക്ഷയം സംഭവിച്ച കെട്ടിടം ആശുപത്രിയിൽ എത്തുന്നവർക്ക് ഭീഷണിയായി തുടരുകയാണ്. ആംബുലൻസും മറ്റും വാഹനങ്ങളും ഇതിനു സമീപമാണ് പാർക്ക് ചെയ്യുന്നത്.കെട്ടിടം തകർന്നാൽ ആശുപത്രിയിൽ വലിയ ദുരന്തം സംഭവിക്കുമെന്ന് ഇവിടെ എത്തുന്ന രോഗികളും ചൂണ്ടിക്കാണിക്കുന്നു.