
ഐടി മേഖലയിൽ വരുന്നു, നദീതല ടൂറിസം പദ്ധതി; ലക്ഷ്യമിടുന്നത് ഫ്ലോട്ടിങ് റസ്റ്ററന്റുകൾ, നീന്തൽ കേന്ദ്രങ്ങൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട് ∙ കടമ്പ്രയാറും ഇടച്ചിറത്തോടും ചിത്രപ്പുഴയും പ്രയോജനപ്പെടുത്തി നദീതല ടൂറിസം പദ്ധതിയുമായി തൃക്കാക്കര നഗരസഭ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഇൻഫോപാർക്കും കെഎംആർഎല്ലും വിവിധ ഐടി കമ്പനികളുമായി കൈകോർത്താകും പദ്ധതി നടപ്പാക്കുക. ആദ്യഘട്ട നടപടികൾക്കായി ഒരു കോടി രൂപ ചെലവഴിക്കും. കടമ്പ്രയാറിനെയും ചിത്രപ്പുഴയെയും പഴയ പ്രതാപ കാലത്തേക്ക് ഉയർത്താൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. ഐടി ഹബും ജില്ലാ ഭരണ കേന്ദ്രവും കൊച്ചിയുടെ ഉപനഗരവുമായ കാക്കനാട്ട് നദീതല ടൂറിസം പദ്ധതി ലാഭകരമായി നടത്തിക്കൊണ്ടു പോകാനാകുമെന്നാണ് വിലയിരുത്തൽ.
സ്മാർട്സിറ്റി, ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക് ഉൾപ്പെടെ ഒട്ടേറെ തന്ത്രപ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയായതിനാൽ ഇവിടങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് വിനോദത്തിന് പ്രയോജനപ്പെടുത്താനാകും വിധമാണു പദ്ധതിക്ക് രൂപം നൽകുന്നത്. ഫ്ലോട്ടിങ് റസ്റ്ററന്റുകൾ, വിനോദ ബോട്ടിങ് സൗകര്യം, നീന്തൽ കേന്ദ്രങ്ങൾ, തീരങ്ങളിൽ കിയോസ്ക്, നടപ്പാത, വിശ്രമ കേന്ദ്രം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലോട്ടിങ് റസ്റ്ററന്റുകൾ വിനോദ സഞ്ചാര ഏജൻസികൾക്ക് കരാർ അടിസ്ഥാനത്തിൽ നടത്താൻ സൗകര്യമൊരുക്കും.
ഇടച്ചിറ തോടിനും ഇൻഫോപാർക്ക് റോഡിനും ഇടയിലുള്ള ഭാഗം പ്രഭാത, സായാഹ്ന നടപ്പുകാർക്കായി ടൈൽ പാകി സൗന്ദര്യവൽക്കരിക്കും. നഗരസഭ ഫണ്ടിനു പുറമേ വിവിധ കമ്പനികളുടെ സ്പോൺസർഷിപ്പും പ്രതീക്ഷിക്കുന്നുണ്ട്. സ്മാർട്സിറ്റിക്കു സമീപം നേരത്തേ പ്രഖ്യാപിച്ചിരുന്ന പഴങ്ങാട്ടുചാൽ ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനും നടപടിയുണ്ടാകും. പഴങ്ങാട്ടുചാൽ അളന്നു തിരിച്ച് അതിർത്തി കെട്ടി സംരക്ഷിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു.