
കുഴുപ്പള്ളം പാലം വഴി ‘വെളിച്ചംമുട്ടി’ യാത്ര; വെളിച്ചമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമ്പാശേരി ∙ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി ഇരുട്ടിൽത്തപ്പി കുഴുപ്പള്ളം പാലത്തിലൂടെയുള്ള യാത്രക്കാർ. പാലം സ്ഥാപിച്ചിട്ട് 4 വർഷം കഴിഞ്ഞെങ്കിലും അധികൃതർ ഇതു വരെ പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2018ലെ പ്രളയത്തെ തുടർന്ന് പ്രദേശം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനെ തുടർന്ന് സിയാലാണ് പൊതുമരാമത്ത് വകുപ്പിനു വേണ്ടി കുഴുപ്പളളം പാലം പണി കഴിപ്പിച്ചത്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതു വരെ തയാറായിട്ടില്ല.
രാത്രിയായാൽ പാലത്തിൽ കൂരിരുട്ടാണ്. ഒട്ടേറെപ്പേർ വിമാനത്താവളത്തിലെ ജോലിക്കായും മറ്റും നടന്നും ഇരുചക്ര വാഹനങ്ങളിലും ഇതു വഴി സഞ്ചരിക്കുന്നുണ്ട്. രാത്രി ഇതിലൂടെ പോകുന്നത് ഭീതികരമായ സാഹചര്യത്തിലൂടെയാണ്. പുതുതായി വല്ലം കടവ് പാലം തുറന്നതോടെ വിമാനത്താവളത്തിൽ നിന്ന് ഒട്ടേറെ വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കും മറ്റും ഇതു വഴി പോകുന്നുണ്ട്. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇരുട്ട് നിറഞ്ഞ പാലം പേടി സ്വപ്നമായി മാറിയിട്ടുണ്ട്. പിടിച്ചുപറിക്കാരും ലഹരി സംഘങ്ങളും പാലത്തിൽ തമ്പടിക്കാനുള്ള സാഹചര്യവും വർധിച്ചിട്ടുണ്ട്.
‘അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണം’
നെടുമ്പാശേരി ∙ കുഴുപ്പള്ളം പാലത്തിൽ അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ് എയർപോർട്ട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.ഡേവി അധ്യക്ഷനായിരുന്നു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ.മുണ്ടാടൻ, ബൂത്ത് പ്രസിഡന്റ് പി.കെ.ഗോപി, വി.എ.പദ്മനാഭൻ, ഗീത ഉണ്ണി, ബിജു പയ്യപ്പിള്ളി, റിജോ പുതുവ എന്നിവർ പ്രസംഗിച്ചു.