ആലുവ∙ ഒരു വീട്ടിലെ ആറ് അംഗങ്ങളെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയ ആലുവ മാഞ്ഞൂരാൻ കൂട്ടക്കൊലയ്ക്കു നാളെ കാൽ നൂറ്റാണ്ട്. കേസിലെ ഏക പ്രതി എം.എ.
ആന്റണിക്കു സുപ്രീം കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീടു ജീവപര്യന്തമായി കുറച്ചു. 22 വർഷമായി ജയിലിലാണ് ആന്റണി. രണ്ടാഴ്ചത്തെ പരോളിൽ ഇപ്പോൾ നാട്ടിലുണ്ട്.
2001 ജനുവരി 6ന് അർധരാത്രി ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ മാഞ്ഞൂരാൻ ഹാർഡ്വെയേഴ്സ് ഉടമ അഗസ്റ്റിൻ മാഞ്ഞൂരാൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരമധ്യത്തിൽ സെന്റ് മേരീസ് എൽപി സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിലെ ആ വീട് 15 വർഷം മുൻപു പൊളിച്ചുനീക്കി.
കൊലയ്ക്കു കാരണം വൈരാഗ്യം
കൊല്ലപ്പെട്ടവരുടെ ബന്ധുവും വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു പ്രതി ആന്റണി.
സംഭവം നടക്കുമ്പോൾ ആലുവ നഗരസഭയിലെ താൽക്കാലിക ഡ്രൈവർ. ആന്റണിക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും അതു നൽകാത്തതിലുള്ള വൈരാഗ്യമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്നുമാണ് പൊലീസ് കേസ്.
സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് 200 മീറ്റർ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ പോലും വിവരം അറിഞ്ഞത്.
വിദേശത്തു നിന്ന് വരുത്തി അറസ്റ്റ്
ആന്റണി കൊലപാതകം കഴിഞ്ഞു പുലർച്ചെ ആലുവയിൽ നിന്നു ട്രെയിനിൽ മുംബൈയിലേക്കു പോയി. അവിടെ നിന്നു ദമാമിൽ എത്തി.
ആന്റണിയാണ് പ്രതിയെന്നു സ്ഥിരീകരിച്ച പൊലീസ് തന്ത്രപൂർവം ഭാര്യയെക്കൊണ്ടു ഫോൺ ചെയ്യിച്ച് ആന്റണിയെ ഫെബ്രുവരി 18നു മുംബൈ വിമാനത്താവളത്തിൽ വരുത്തി. അവിടെ വച്ചായിരുന്നു അറസ്റ്റ്.
ഭാര്യയും മകനും ഇപ്പോൾ ആന്റണിക്കൊപ്പമില്ല.
വധശിക്ഷ ലഭിച്ച ആദ്യ സിബിഐ കേസ്
ആലുവ ലോക്കൽ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി.
ആന്റണി ഒറ്റയ്ക്കാണ് ആറു കൊലപാതകങ്ങളും നടത്തിയതെന്നു 2 അന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചു. എന്നാൽ, ഒന്നിലേറെ പ്രതികളുണ്ടാകാം എന്ന് അഗസ്റ്റിന്റെ ഭാര്യ ബേബിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു ഹൈക്കോടതി കേസ് സിബിഐക്കു വിട്ടു.
അവരുടെ അന്വേഷണവും അവസാനിച്ചത് ആന്റണിയിൽ തന്നെ. 2005 ഫെബ്രുവരി 2ന് അന്നത്തെ സിബിഐ കോടതി ജഡ്ജി ബി.
കെമാൽപാഷ ആന്റണിക്കു വധശിക്ഷ വിധിച്ചു. കേരളത്തിൽ സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യം വധശിക്ഷ ലഭിച്ച കേസ്.
പരോൾ ലഭിച്ചത് 19 വർഷത്തിനു ശേഷം
ആന്റണിയുടെ വധശിക്ഷ 2006ൽ ഹൈക്കോടതിയും 2009ൽ സുപ്രീം കോടതിയും ശരിവച്ചു. പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയും ദയാഹർജി രാഷ്ട്രപതിയും തള്ളി. തുടർന്ന് ആന്റണിയെ പൂജപ്പുര സെൻട്രൽ ജയിലിൽ ഏകാന്ത തടവിലാക്കി.
വധശിക്ഷ നടപ്പാക്കാൻ പൂജപ്പുരയിൽ കഴുമരം തയാറാക്കുകയും ആരാച്ചാരെ കണ്ടെത്തി തമിഴ്നാട്ടിൽ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. ഇതിനിടെ 2018 ഡിസംബർ 11നു സുപ്രീം കോടതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 19 വർഷത്തിനു ശേഷമാണ് ആന്റണിക്ക് ആദ്യമായി പരോൾ അനുവദിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

