നെടുമ്പാശേരി ∙ ആലുവ- കാലടി റോഡിലെ പുറയാർ റെയിൽവേ മേൽപാലത്തിന്റെ നിർമാണം ഇന്നാരംഭിക്കും. ഉച്ചയ്ക്ക് 12ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും.
അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. പുറയാർ ഗേറ്റ് അടച്ചിടുമ്പോഴുള്ള ഗതാഗതക്കുരുക്കും സമയനഷ്ടവും പതിറ്റാണ്ടുകളായി യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
അൻവർ സാദത്ത് എംഎൽഎയുടെ പരിശ്രമത്തെ തുടർന്നാണ് മേൽപ്പാലത്തിന് തുക അനുവദിച്ചത്. 63.71 കോടിയാണ് മേൽപാലത്തിന്റെ നിർമാണച്ചെലവ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 18.81 കോടിയും പാലം നിർമിക്കാൻ 34.9 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികളും ഇതിനകം പൂർത്തിയാക്കി. 627 മീറ്റർ നീളത്തിലും 10.15മീറ്റർ വീതിയിലുമായിരിക്കും പാലം നിർമിക്കുക.
പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാലത്തിന് 1.5 മീറ്ററുമായിരിക്കും വീതി.
ഇരുവശത്തുമായി 200 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും കാന ഉൾപ്പെടെ അഞ്ച് മീറ്റർ വീതിയിൽ ഇരുവശവും സർവീസ് റോഡുമുണ്ടായിരിക്കും. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണച്ചുമതല.
ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്ത് നിവാസികൾക്ക് ആലുവ, കാലടി ഭാഗങ്ങളിലേക്കുള്ള യാത്രയും ഭക്തജനങ്ങൾക്ക് തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]