
പെരുമ്പാവൂർ ∙ കൂവപ്പടി പഞ്ചായത്തിൽ ചെമ്പൻ ചെല്ലികൾ തെങ്ങുകൾ നശിപ്പിക്കുന്നത് കർഷകരെ കണ്ണീരിലാഴ്ത്തുന്നു. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില വർധിക്കുമ്പോൾ കർഷകർ വീണ്ടും തെങ്ങുകൃഷിയിലേക്കു തിരിച്ചു വരുന്നതിനിടെയാണു രോഗബാധ തിരിച്ചടിയായത്.
പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി, ഹൈബ്രിഡ് ഇനങ്ങളും കർഷകർ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ചെല്ലി എന്ന ഉപദ്രവകീടത്തിന്റെ ആക്രമണമുണ്ടാകാത്ത ഇനം തെങ്ങിൻതൈകൾ എന്ന പേരിൽ വിൽപന നടത്തി സ്വകാര്യ അഗ്രികൾചർ നഴ്സറികൾ കർഷകരെ കബളിപ്പിക്കുകയാണെന്ന ആക്ഷേപമുണ്ട്.
വണ്ട് കുടുംബത്തിലെ ഒരിനമാണ് ചെമ്പൻ ചെല്ലി. പ്രായമെത്തിയ വണ്ട്, ഓലകളുടെ ഇടയിലൂടെ അഗ്രഭാഗം തുരന്നു കയറി വിടരാത്ത കൂമ്പോലകളെയും ചൊട്ടകളെയും തിന്നു നശിപ്പിക്കുന്നു.
ആക്രമണ വിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽ നിന്നു മധ്യഭാഗത്തേക്കു നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണു ലക്ഷണം. ഇളം കൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യും.
ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്തു നശിപ്പിച്ചു കളയുന്ന രീതി കർഷകർ പണ്ടു മുതൽ ചെയ്യുന്നതാണ്.
വീര്യമേറിയ രാസകീടനാശിനികൾ ഉപയോഗിച്ചിട്ടും ഇവയെ ഒരു പരിധിവരെ മാത്രമേ നിയന്ത്രിക്കാനാകുന്നുള്ളൂ. തെങ്ങിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു വിളവ് കുറയുന്ന അവസ്ഥയാണിപ്പോഴുള്ളത്.
ഒരു തെങ്ങിൽ നിന്നു ശരാശരി എൺപതുവരെ ചെല്ലികളെ ലഭിക്കാറുണ്ടെന്നു കർഷകരായ മണി കൈതക്കോടും കെ.കെ. ശാരദക്കുഞ്ഞമ്മയും പറഞ്ഞു.
നിലവിലുള്ള നിയന്ത്രണ മാർഗങ്ങളൊന്നും പര്യാപ്തമല്ലെന്നാണ് ഇവരുടെ അഭിപ്രായം.
ഇതുമൂലം നാമമാത്ര ചെറുകിട കർഷകർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഈ സീസണിലെ ഇടവിട്ടുള്ള മഴയും ചെല്ലിനിയന്ത്രണ മാർഗങ്ങൾക്കു തടസ്സമായതായി ഇവർ പറയുന്നു. കർഷകർക്കു വേണ്ടത്ര ബോധവൽക്കരണം നൽകാൻ കൃഷിവകുപ്പ് തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്.
സൗജന്യമായി കീടനാശിനികൾ വിതരണം ചെയ്തില്ലെങ്കിൽ കേരകർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണു വിലയിരുത്തൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]