കൊച്ചി∙ പള്ളിമുക്ക് ജംക്ഷനിൽ വാഹനങ്ങൾക്ക് സീബ്രാ ക്രോസിങ് കെണി! ചുവപ്പു സിഗ്നൽ കണ്ടു വാഹനം നിർത്തുന്നവർക്കു പിഴ പതിവാകുന്നു.
സീബ്രാ ക്രോസിങ്ങിൽ കയറ്റി വാഹനം നിർത്തിയതിന് ഓരോ മൂന്നു മിനിറ്റിലും പിഴ ലഭിക്കുന്നതു കുറഞ്ഞതു 4 വാഹനങ്ങൾക്ക് വീതം. പള്ളിമുക്ക് ജംക്ഷനിലേക്ക് രവിപുരത്തു നിന്നെത്തുന്ന റോഡിലും കടവന്ത്രയിൽ നിന്നെത്തുന്ന റോഡിലുമാണു വാഹനയാത്രികർക്കു തലവേദന സൃഷ്ടിച്ച് അശാസ്ത്രീയമായി സീബ്രാലൈൻ വരച്ചിരിക്കുന്നത്. സർക്കാർ ഖജനാവു നിറയ്ക്കാൻ ഈ തട്ടിപ്പ് എന്തിനെന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
സാധാരണഗതിയിൽ ജംക്ഷനുകളിൽ സിഗ്നൽ ലൈറ്റിനു തൊട്ടുമുൻപു സ്റ്റോപ് ലൈനും ഇതിനു ശേഷം സീബ്രാ ലൈനും വരയ്ക്കുകയാണു പതിവ്.
എന്നാൽ, ഇവിടെ ജംക്ഷനിൽ നിന്ന് 15 അടിയോളം പിന്നാക്കം മാറി സിഗ്നൽ ലൈറ്റിനു മുൻപായാണു സീബ്രാ ലൈനുകൾ വരച്ചിരിക്കുന്നത്. നീണ്ട വാഹനനിര ഈ സിഗ്നലിൽ പതിവായതിനാൽ പച്ച ലൈറ്റ് തെളിഞ്ഞു കിടക്കുമ്പോൾ മുന്നോട്ടു കടന്നു വരുന്ന വാഹനങ്ങൾ പെട്ടെന്നു ചുവപ്പു കത്തുമ്പോൾ സീബ്രാ ലൈനിൽ പെട്ടുപോകുന്നു.
വലിയ ജംക്ഷനായിട്ടും ഇവിടെ സിഗ്നൽ ലൈറ്റുകൾക്കൊപ്പം ടൈമറുകളും സ്ഥാപിച്ചിട്ടില്ല.
ഇതിനാൽ സമയം കണക്കാക്കി മുൻകൂട്ടി നിർത്തിയിടാനും കഴിയുന്നില്ല. സീബ്രാലൈനിൽ ഇങ്ങനെ പെട്ടുപോകുന്ന വാഹനങ്ങളുടെ ചിത്രം പൊലീസുകാർ തന്നെ ക്യാമറയിൽ പകർത്തി പെറ്റിയടിക്കുകയാണു നിലവിൽ ചെയ്യുന്നത്. കാൽനടക്കാർക്കു സുരക്ഷിതമായി റോഡ് മുറിച്ചു കടന്നു ഫുട്പാത്തിലേക്കു പ്രവേശിക്കാൻ സൗകര്യമൊരുക്കാനാണു സീബ്രാലൈനുകൾ എങ്കിലും പള്ളിമുക്കിൽ അതിനും കഴിയില്ല.
രവിപുരം ഭാഗത്തു നിന്നുള്ള റോഡിൽ വരച്ചിട്ടുള്ള സീബ്രാലൈനിലൂടെ ഫുട്പാത്തിലേക്കു കടക്കാനാവില്ല.
ഫുട്പാത്തിന്റെ വശത്തു വഴിമുടക്കി നിൽക്കുന്ന വലിയൊരു ട്രാൻസ്ഫോമറിന്റെ മുന്നിലാണു സീബ്രാലൈൻ ചെന്നു മുട്ടുന്നത്. നേരത്തേ സിഗ്നൽ ലൈറ്റുകൾക്കു ശേഷം കൃത്യമായി വരച്ചിരുന്ന സീബ്രാലൈനുകൾ അശാസ്ത്രീയമായി മാറ്റിവരച്ചതിന്റെ കാരണം ആർക്കും അറിയില്ല. അടുത്തിടെയാണു പൊലീസുകാർ സീബ്രാലൈനിനു സമീപം നിന്നു ഫോട്ടോയെടുത്തു പിഴ ഈടാക്കാൻ ആരംഭിച്ചതെന്നും യാത്രക്കാർ പറയുന്നു.
മിക്ക ദിവസങ്ങളിലും തിരക്കേറുന്ന സമയത്തു ക്യാമറയുമായി പൊലീസുകാർ രംഗത്തുണ്ട്. 250 രൂപ മുതലാണു പിഴ ചുമത്തുന്നത്.
ട്രാഫിക് നിയമലംഘനം; ഒരേ ചിത്രങ്ങൾ രണ്ടുതരത്തിൽ ഉപയോഗിച്ച് പിഴയടയ്ക്കാൻ നിർദേശം
കൊച്ചി ∙ ഒരേ വാഹനത്തിന്റെ ഒരേ സ്ഥലത്തെ ട്രാഫിക് നിയമലംഘനത്തിന്റെ ചിത്രങ്ങൾ രണ്ടുതരത്തിൽ ഉപയോഗിച്ച് രണ്ടു തവണ പിഴയടയ്ക്കാനുള്ള നിർദേശം ലഭിച്ചതായി പരാതി.
എറണാകുളം സ്വദേശി നെറ്റോ തെങ്ങുംപള്ളിയാണു പരാതിക്കാരൻ. ഡിസംബർ 31 നു രാവിലെ 10.02 മണിക്കു കലൂരിലും ഉച്ചയ്ക്ക് 12.51 കച്ചേരിപ്പടിയിലും ഒരേ നമ്പറിലുള്ള കാർ സീബ്രാ ക്രോസിങ് ലംഘിച്ചെന്നു കാട്ടുന്ന ചിത്രത്തിനൊപ്പമാണ് ഇ ചലാൻ ലഭിച്ചത്.
എന്നാൽ രണ്ടു ചലാനിലുമുള്ള ചിത്രങ്ങൾ ഒന്നുതന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണു കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് അസി.കമ്മിഷണർക്ക് പരാതി നൽകിയത്. രണ്ടാമത്തെ ചലാനിൽ പറയുന്ന സമയത്ത് പരാതിക്കാരൻ സെൻട്രൽ സ്ക്വയർ മാളിലെ തിയറ്ററിൽ സിനിമകാണുകയായിരുന്നു. കാർ മാളിന്റെ പാർക്കിങ്ങിലായിരുന്നതിന്റെ രസീതും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

