കൊച്ചി ∙ എറണാകുളത്തെ ആദ്യ ഓർത്തഡോക്സ് പള്ളിയായ പാർക്ക് അവന്യൂ റോഡിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ശതാബ്ദി നിറവിൽ. സെന്റ് മേരീസ് കത്തീഡ്രൽ ശതാബ്ദിയിലേക്കു കടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം അഞ്ചിനു നടക്കും.
നഗരത്തിൽ പിന്നീടുണ്ടായ പല ഓർത്തഡോക്സ് പള്ളികളും സ്ഥാപിക്കാൻ നേതൃത്വം നൽകിയതിനാൽ ‘അമ്മപ്പള്ളി’ എന്നും സെന്റ് മേരീസ് പള്ളിയെ വിളിക്കാറുണ്ട്.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ 100–ാം വർഷത്തിലേക്കു കടക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം അഞ്ചിന് വൈകിട്ട് 3.30ന് സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ നടക്കും. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയസ് അധ്യക്ഷനാകും.
ജസ്റ്റിസ് കുര്യൻ ജോസഫാണ് മുഖ്യാതിഥി. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് അനുഗ്രഹ പ്രഭാഷണം നടത്തും.
എറണാകുളം നഗരത്തിലെ ഓർത്തഡോക്സ് വിശ്വാസികൾ ബോട്ട് ജെട്ടിക്കടുത്ത് 28 സെന്റ് സ്ഥലം വാങ്ങി 1922ലാണ് പള്ളി പണി തുടങ്ങിയത്.
ചെറായി, അയ്യമ്പിള്ളി ഇടവകകളുടെ സഹകരണവും അന്നുണ്ടായി. 1926 ഒക്ടോബർ 6ന് പള്ളി കൂദാശ ചെയ്തു.
ആദ്യ വികാരി ഫാ. ജേക്കബ് മുരീക്കലാണ് 1926 മുതൽ 40 വർഷം തുടർച്ചയായി സേവനമനുഷ്ഠിച്ചത്.
പി.വി.കുര്യൻ 1926 മുതൽ 1962 വരെ ട്രസ്റ്റിയായും പ്രവർത്തിച്ചു.
പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ 1959 ജനുവരി 15ന് പള്ളി പുതുക്കിപ്പണിയുന്നതിന് ശിലയിട്ടു. 1962 ജനുവരി 15ന് കൂദാശ നടത്തി.
സെന്റ് മേരീസ് പള്ളി 50 വർഷം പൂർത്തിയാക്കിയപ്പോൾ, 1976ൽ എളംകുളത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലെ ചാപ്പൽ കൂദാശ ചെയ്തു. 60–ാം വാർഷികത്തിൽ 1986ൽ പാലാരിവട്ടത്തും തേവരയിലും പള്ളികളുടെ നിർമാണം തുടങ്ങി.
അതേ വർഷം പടമുകളിൽ പള്ളിക്കു സ്ഥലം വാങ്ങി നൽകി. 2001ൽ വൈറ്റിലയിൽ പള്ളി സ്ഥാപിച്ചതും സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിലാണ്.
എളംകുളത്തും ചിറ്റൂർ റോഡിലും സെമിത്തേരികളുണ്ട്.
ചിറ്റൂർ റോഡിൽ സെമിത്തേരിയോടു ചേർന്നുള്ള പള്ളി ഉൾപ്പെടെ നഗരത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് 7 പള്ളികളുണ്ട് ഇപ്പോൾ. സ്നേഹ നിധി പദ്ധതിയിലൂടെ 15 വർഷങ്ങളിലായി 1.47 കോടി രൂപ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.
സാന്ത്വനം പദ്ധതിയിലൂടെ 4 വർഷം കൊണ്ട് 46.71 ലക്ഷം രൂപ വിതരണം ചെയ്തു. മാസത്തിലെ 3–ാം ഞായറാഴ്ചയിലെ കാണിക്ക വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നീക്കിവയ്ക്കുന്നത്.
അർമീനിയൻ കാതോലിക്കാ വസ്കൻ പ്രഥമൻ ബാവാ, സിറിയൻ ഓർത്തഡോക്സ് സഭ യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവാ, റുമാനിയൻ പാത്രിയർക്കീസ് ജസ്റ്റിനിയൻ ബാവാ, റഷ്യൻ പാത്രിയർക്കീസ് പീമെൻ ബാവാ എന്നിവർ പല കാലങ്ങളിലായി പള്ളിയിൽ വന്നിട്ടുണ്ട്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, കാലം ചെയ്ത ജോസഫ് മാർ പക്കോമിയോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ ഇവിടെ വൈദികരായിരുന്നു. ഫാ.
ഒ.വി.ഏലിയാസ് 26 വർഷം വികാരിയായി പ്രവർത്തിച്ചു. ഫാ.
ഡേവിഡ് തങ്കച്ചനാണ് നിലവിൽ വികാരി.
സെന്റിനറി പദ്ധതി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ഡേവിഡ് തങ്കച്ചൻ, ഇടവക ട്രസ്റ്റി തോമസ് ഐസക്, ഭാരവാഹികളായ ഡോ.
പൗലോസ് ജേക്കബ്, മാത്യൂസ് വർഗീസ് എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]