ചെല്ലാനം ഫിഷിങ് ഹാർബറിൽ മുട്ടച്ചാളയുടെ ലഭ്യത ഗണ്യമായി കുറഞ്ഞത് ഇവിടത്തെ മത്സ്യത്തൊഴിലാളികളെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. സമീപ ജില്ലയായ ആലപ്പുഴയിലെ വിവിധ ഹാർബറുകളിലും ഫിഷിങ് ഗ്യാപ്പുകളിലും മുട്ടച്ചാള വ്യാപകമായി ലഭിക്കുമ്പോഴാണ് ചെല്ലാനത്ത് കടുത്ത മത്സ്യക്ഷാമം നേരിടുന്നത്.
കഴിഞ്ഞ ഒരു മാസമായി ചെത്തി, അർത്തുങ്കൽ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്ന വള്ളങ്ങൾക്ക് മികച്ച രീതിയിൽ ചാള ലഭിക്കുന്നുണ്ട്. എന്നാൽ, ചെല്ലാനം ഹാർബറിൽ പേരിനുപോലും ചാള ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.
മുൻകാലങ്ങളിൽ ഇവിടെ നിന്നും മത്സ്യമെടുത്തിരുന്ന ചെറുകിട കച്ചവടക്കാരും ഇപ്പോൾ ആലപ്പുഴയിലെ ഹാർബറുകളെയാണ് ആശ്രയിക്കുന്നത്.
ഇതിനാൽ ഹാർബറിലെത്തുന്ന ചെറിയ അളവിലുള്ള മത്സ്യങ്ങൾ വാങ്ങാൻ പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ പൊടിമീനും നത്തോലിയുമാണ് ചെല്ലാനത്ത് പ്രധാനമായും ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ മികച്ച ലഭ്യതയുണ്ടായിരുന്ന നത്തോലിയുടെ വരവും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കച്ചവടക്കാർ എത്താതായതോടെ ഡിമാൻഡ് ഇടിഞ്ഞത് വിലയെയും സാരമായി ബാധിച്ചു.
മുൻപ് നൂറു രൂപയിലേറെയുണ്ടായിരുന്ന നത്തോലി വില ഇന്നലെ ഒരു കിലോഗ്രാമിന് 50 രൂപയായി കുറഞ്ഞു. നിലവിൽ വളം, മീൻ തീറ്റ ഉൽപാദന ശാലകളിലേക്കു മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾ മാത്രമാണ് ഹാർബറിലേക്ക് പ്രധാനമായും എത്തിയത്.
മഴക്കാലത്തിനു ശേഷമുള്ള സീസണുകളിൽ മുട്ടച്ചാള സുലഭമായി ലഭിക്കാറുള്ള പ്രധാന ഹാർബറുകളിലൊന്നാണ് ചെല്ലാനം. ഈ സീസണിൽ ലഭിക്കുന്ന വരുമാനമാണ് മത്സ്യത്തൊഴിലാളികളുടെ വറുതിക്കാലത്തെ ആശ്രയം.
എന്നാൽ, മത്സ്യലഭ്യതയിലെ കുറവും വിപണിയിൽ വിലയിടിയുന്നതും ചെല്ലാനം ഹാർബറിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളുടെയും അനുബന്ധ മേഖലയിലുള്ളവരുടെയും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

