നെടുമ്പാശേരി ∙ പഴയ തിരു–കൊച്ചി രാജപാത ശോച്യാവസ്ഥയിൽ. റോഡിന്റെ പഴയ പ്രതാപം നഷ്ടമായെങ്കിലും പ്രാധാന്യത്തിൽ കുറവുണ്ടായിട്ടില്ല.
എന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രശ്ന പരിഹാരത്തിന് രാജപാത വികസന സമിതി ഒട്ടേറെ പ്രാവശ്യം അധികാരികൾക്കു മുന്നിൽ പരാതികളുന്നയിച്ചെങ്കിലും നടപടിയില്ല. രാജപാതയിൽ എറണാകുളം, തൃശൂർ ജില്ലകളുടെയും പഴയ തിരുവിതാംകൂർ, കൊച്ചിയുടെയും അതിർത്തി ആയ എളവൂർ ശ്രാമ്പിക്കൽ ഭാഗത്ത് 300 മീറ്ററോളം ദൂരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന വിധം തകർന്നു കിടക്കുകയാണ്.
ബാക്കിയുള്ള ഒരു കിലോമീറ്ററോളം റോഡ് ഉയർത്തി കൈത്തോടിന് കുറുകെ കലുങ്ക് നിർമിച്ച് ഗതാഗത യോഗ്യമാക്കിയാൽ ചാലക്കുടി, കൊടകര, മാള, ഇരിങ്ങാലക്കുട, മൂന്നുപീടിക എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകുമെന്ന് രാജപാത വികസന സമിതി ചെയർമാൻ പൗലോസ് കല്ലറയ്ക്കൽ ചൂണ്ടിക്കാട്ടി. മുൻപ് കൊച്ചി രാജ്യത്തിന്റെ തെക്കേയറ്റവും തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേയറ്റവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തിരു–കൊച്ചി രാജപാതയാണ് പിന്നീട് എൻഎച്ച് 47 ഇപ്പോൾ എൻഎച്ച് 544 ആയി മാറിയത്.
എന്നാൽ റെയിൽവേ ലൈൻ വന്നതോടെ അങ്കമാലിയും ചാലക്കുടിയും പ്രധാന പട്ടണങ്ങളായി മാറിയപ്പോൾ രാജപാത അത്താണിയിൽ നിന്നും തിരിഞ്ഞ് അങ്കമാലി, ചാലക്കുടി വഴി തൃശൂരിലെത്തുകയായിരുന്നു.
അതോടെ അത്താണി മുതൽ കൊരട്ടി വരെയുള്ള യഥാർഥ രാജപാത വിസ്മൃതിയിലായി. പിൽക്കാലത്ത് കയ്യേറ്റം മൂലം ഈ പാത വീതി കുറഞ്ഞ് നാമമാത്രമായ റോഡായി അവശേഷിച്ചു. എന്നാൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമായി മാറിയതോടെ ബദൽ സംവിധാനം എന്ന നിലയിൽ രാജപാത പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.
തുടർന്ന് അത്താണി മുതൽ എളവൂർ വരെ റോഡിന്റെ ഇരുവശവും അളന്നു തിട്ടപ്പെടുത്തുകയും കയ്യേറ്റങ്ങൾ അടയാളപ്പെടുത്തി അത് പൊളിച്ചു നിൽക്കാനുള്ള നടപടികളും തുടങ്ങി. വട്ടപ്പറമ്പ് കവല വരെ ഏതാണ്ട് 70 ശതമാനത്തോളം കയ്യേറ്റങ്ങൾ ഒഴിവാക്കി റോഡ് ടാർ ചെയ്ത് നവീകരിച്ചു. മറ്റുള്ള ഭാഗങ്ങളിൽ കയ്യേറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ വട്ടപ്പറമ്പ്, എളവൂർ ഭാഗങ്ങളിൽ ചിലയിടത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയ സ്ഥലം വിട്ടു നൽകിയിട്ടില്ല.
ഈ സ്ഥലങ്ങൾ കൂടി വിട്ടു നൽകി റോഡ് വികസനം പൂർത്തിയാക്കിയാലേ പ്രയോജനമുണ്ടാകൂ. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായപ്പോൾ കൊടകരയിൽ നിന്നും കൊരട്ടിയിൽ നിന്നും അന്നമനട, എരയാംകുടി, എളവൂർ, വട്ടപ്പറമ്പ്, കോടുശേരി, അങ്കമാലി വഴി പെരുമ്പാവൂർക്കും മധുരപ്പുറം, അത്താണി വഴി ആലുവ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും വാഹനങ്ങൾ തിരിച്ചു വിട്ടത് പ്രയോജനപ്പെട്ടിരുന്നു. ഈ റോഡിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പൗലോസ് കല്ലറയ്ക്കൽ ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]