
ബിൽഡിങ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടിയ സംഭവം; കൗൺസിൽ യോഗം ബഹളമയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ബിൽഡിങ് ഇൻസ്പെക്ടറെ കൈക്കൂലി പണവുമായി വിജിലൻസ് പിടികൂടിയ സംഭവത്തെ ചൊല്ലി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. കോർപറേഷനിലെ അഴിമതി തടയാൻ കഴിയാത്ത മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗൺസിലർമാർ യോഗത്തിൽ പ്രതിഷേധമുയർത്തി.അതേ സമയം, അഴിമതി കേസിൽ ജീവനക്കാരുടെ അറസ്റ്റ് സംസ്ഥാന വിജിലൻസ് വകുപ്പിന്റെ കാര്യക്ഷമതയും സുതാര്യതയുമാണു കാണിക്കുന്നതെന്നും യുഡിഎഫ് തന്നെ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു. അഴിമതിയോടു വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടികൾ തുടരാൻ വിജിലൻസിന് എല്ലാ പിന്തുണയും നൽകുമെന്നും മേയർ പറഞ്ഞു.
വൈറ്റില സോണിൽ മാത്രമല്ല, കോർപറേഷന്റെ എല്ലാ സോണുകളിലും അഴിമതി വ്യാപകമാണെന്നു പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ചെയർമാൻമാരുടെ പേരിൽ ഉദ്യോഗസ്ഥർ പണം പിരിക്കുന്നുവെന്നു എൽഡിഎഫ് കൗൺസിലർ തന്നെ ആരോപണമുന്നയിച്ചതിനെ തുടർന്നാണു വികസനകാര്യ സ്ഥിരസമിതി ചെയർമാനായിരുന്ന പി.ആർ.റെനീഷിനു രാജിവയ്ക്കേണ്ടിവന്നതെന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിലിന്റെ പ്രസ്താവനയിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധമുയർത്തി.
ഈ വിഷയത്തിൽ താൻ തന്നെയാണ് ആദ്യം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നു പി.ആർ.റെനീഷ് പറഞ്ഞു. എൽഡിഎഫിലെ തീരുമാന പ്രകാരം സിപിഐ കൗൺസിലർക്കു ചെയർമാനാകാൻ വേണ്ടിയാണു റെനീഷ് രാജിവച്ചതെന്നും കൗൺസിലിൽ നടന്ന കാര്യങ്ങളുമായി അതിനൊരു ബന്ധവുമില്ലെന്നും മേയർ വിശദീകരിച്ചു. ഇതിനിടെ മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായി യുഡിഎഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ഇതോടെ മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു.
യുഡിഎഫിന്റെ ആക്ഷേപം
‘ 4 മാസത്തിനുള്ളിൽ കോർപറേഷനിലെ 5 ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോർപറേഷന്റെ ഭരണ ചുമതലയുള്ള മേയർക്ക് അഴിമതിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. അഴിമതി സഹിക്കാനാകാതെ പൊതുജനങ്ങൾ പരാതി കൊടുക്കുന്നതു കൊണ്ടാണ് കൈക്കൂലിക്കാരെ പുറത്തു കൊണ്ടുവരാൻ കഴിയുന്നത്. അഴിമതിരഹിത ഭരണമെന്നു മേയർ പറയുമ്പോഴും മാസം തോറും ജീവനക്കാരെ കൈക്കൂലിയുമായി വിജിലൻസ് പിടികൂടുകയാണ്.
അനധികൃത കെട്ടിടത്തിനു നമ്പറിട്ടു നൽകാൻ റവന്യു ഇൻസ്പെക്ടർ 50 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന എൽഡിഎഫ് കൗൺസിലറുടെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു ഭരണകക്ഷി യൂണിയന്റെ സംരക്ഷണമുള്ളതുകൊണ്ടാണു മേയർക്കു നടപടിയെടുക്കാൻ സാധിക്കാത്തതെന്നും യുഡിഎഫ് ആരോപിച്ചു.’