
കാക്കനാട്ട് നിർധനർക്കായി നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയം വരുന്നു; നിർമാണം 60 സെന്റ് സ്ഥലത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട്∙ കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റുകളുള്ള തൃക്കാക്കരയിൽ നിർധനർക്കായി നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയം വരുന്നു. വാണാച്ചിറയിൽ നഗരസഭയുടെ ഉടമസ്ഥതയിലുളള 60 സെന്റിലാണ് ഫ്ലാറ്റ് സ്ഥാപിക്കുന്നത്. ഒന്നര പതിറ്റാണ്ടു മുൻപു പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോൾ ബജറ്റിൽ തുക ഉൾപ്പെടുത്തിയത്. നഗരസഭാ പരിധിയിൽ 59 അതിദരിദ്രരുണ്ടെന്നു സർവേയിൽ കണ്ടെത്തിയിരുന്നു. ഇവരിൽ കിടപ്പാടമില്ലാത്തവരുടെ പുനരധിവാസവും ഫ്ലാറ്റ് പദ്ധതിയിൽ പരിഗണിക്കും. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുരുങ്ങിക്കിടക്കുന്ന വാണാച്ചിറയിലെ നിർദ്ദിഷ്ട സ്ഥലം പരിവർത്തനം ചെയ്തു കിട്ടാൻ നേരത്തേ നഗരസഭ നൽകിയ അപേക്ഷ കലക്ടറുടെ പരിഗണനയിലാണ്.
ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ടം നടപടികൾ പൂർത്തിയാക്കാൻ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഭൂ പരിവർത്തന അപേക്ഷ അംഗീകരിച്ചു സ്ഥലം നികത്താൻ സർക്കാരിന്റെ അനുമതി ലഭ്യമായാലുടൻ തുടർനടപടിയുണ്ടാകും. 32 അപ്പാർട്ട്മെന്റുകളുള്ള ഫ്ലാറ്റ് സമുച്ചയമാകും ആദ്യഘട്ടത്തിൽ നിർമിക്കുക. തൃക്കാക്കര, പഞ്ചായത്തായിരുന്ന കാലത്തു മാലിന്യ സംസ്ക്കരണത്തിനായി വാങ്ങിയതാണ് വാണാച്ചിറയിലെ സ്ഥലം. നാട്ടുകാരുടെ എതിർപ്പും സാങ്കേതിക തടസ്സങ്ങളും മൂലം ഇവിടെ മാലിന്യ സംസ്ക്കരണ കേന്ദ്രം തുടങ്ങാനായില്ല. 2010ലെ ഭരണ സമിതിയാണ് നിർധനർക്കായി ഫ്ലാറ്റ് സമുച്ചയമെന്ന പദ്ധതിക്കു രൂപം നൽകിയത്.
അക്കാലത്തു നടക്കാതെ പോയ പദ്ധതി യാഥാർഥ്യമാക്കാൻ 2015ലെ ഭരണ സമിതിയും ശ്രമിച്ചിരുന്നു. വാണാച്ചിറയിലെ സ്ഥലം ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ഫീസില്ലാതെ പരിവർത്തനം ചെയ്തു കിട്ടാനാണ് നഗരസഭ കലക്ടർക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഇതിനു സർക്കാരിന്റെ അനുമതി വേണ്ടി വരും. ഒന്നര പതിറ്റാണ്ടായി ഫയലിൽ കുരുങ്ങിക്കിടക്കുന്ന നിർധനർക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം ഈ ഭരണ സമിതിയുടെ കാലത്തു ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.