
നൂറ്റാണ്ടിന്റെ നിറവിൽ കൊച്ചി നിയമസഭ; ആദ്യ യോഗം ചേർന്നത് 1925 ഏപ്രിൽ മൂന്നിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ സമയം ഉച്ചയ്ക്കു 2.30, 1925 ഏപ്രിൽ 3. കൊച്ചി രാജാവിന്റെ കൊട്ടാരമായ തൃപ്പൂണിത്തുറ ഹിൽപാലസിന്റെ മുകൾ നിലയിലെ ദർബാർ ഹാളിൽ വിശേഷമായൊരു യോഗം നടന്നു; കൊച്ചി രാജ്യത്തു ജനങ്ങൾക്കു ഭരണത്തിൽ പങ്കാളിത്തം നൽകാൻ രൂപീകരിച്ച കൗൺസിലിന്റെ ആദ്യ യോഗം.രാമവർമ മഹാരാജാവ് യോഗം ഉദ്ഘാടനം ചെയ്ത് ഇങ്ങനെ പറഞ്ഞു– ‘ കൊച്ചി നിയമസഭ ഇതാ ക്രമപ്രകാരം പ്രഥമമായി തുടങ്ങിയിരിക്കുന്നതായി നാം ഇപ്പോൾ ആജ്ഞാപിക്കുകയും ഭക്തി, വിശ്വാസ ആശാവയനങ്ങളോടുകൂടി നിങ്ങളെ ഹൃദയപൂർവം നാം ആശീർവദിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തിന്റെ സർവതോമുഖവും സുഖകരവും ആയുള്ള അഭിവൃദ്ധിയിൽ ഇൗ സഭ സഹായിയായിത്തീരുവാൻ ഭഗവാൻ കടാക്ഷമാകട്ടെ ’ആ യോഗത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു– തോട്ടയ്ക്കാട്ട് മാധവിയമ്മ. ഇന്ത്യയിലെ നിയമ നിർമാണ സഭാ ചരിത്രത്തിൽ ആദ്യമായി അംഗമായതു ഡോ. മേരി പുന്നൻ ലൂക്കോസ് ആണെങ്കിലും അവർ ജനപ്രതിനിധി ആയിരുന്നില്ല. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ 1924ൽ ഉദ്യോഗസ്ഥ (ദർബാർ ഫിസിഷ്യൻ) എന്ന നിലയിലാണ് അവർ നാമനിർദേശം ചെയ്യപ്പെട്ടത്.
രാജാവിന്റെ ആശീർവാദത്തോടെ തുടങ്ങിയ സഭയ്ക്കു കാൽ നൂറ്റാണ്ടേ ആയുസ്സുണ്ടായുള്ളുവെങ്കിലും പ്രവർത്തനം സംഭവ ബഹുലമായിരുന്നു. ആ സഭയുടെ പിറവിക്ക് ഇന്നു നൂറാണ്ട് പ്രായം. ഇന്നത്തെ തൃശൂർ , പാലക്കാട്, എറണാകുളം ജില്ലകളുടെ ഭാഗങ്ങൾ ചേർന്ന പ്രദേശം മാത്രമായിരുന്നു കൊച്ചി. എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസം, ഭൂ സ്വത്ത് എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിച്ചാണു വോട്ടർമാരെ തിരഞ്ഞെടുത്തത്.ലെജിസ്ലേറ്റീവ് കൗൺസിൽ പിന്നീടു ലെജിസ്ലേറ്റീവ് അസംബ്ലിയും തിരുക്കൊച്ചി സംയോജനത്തോടെ തിരുക്കൊച്ചി അസംബ്ലിയും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭയുമായി മാറി.
കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യ യോഗം ഹിൽപാലസിലായിരുന്നെങ്കിലും പിന്നീടു സ്ഥിരം മന്ദിരം നിർമിച്ചു. ആ ഹാൾ ഇന്നുമുണ്ട്. എറണാകുളം ലോ കോളജിന്റെ ഭാഗമായി പൈതൃക മന്ദിരമായി സംരക്ഷിക്കുന്നു. തിരുവിതാംകൂറിലും മലബാറിലും ഇതിനു മുൻപുതന്നെ ജനപ്രതിനിധി കൗൺസിലുകൾ നിലവിൽ വന്നിരുന്നു.ജനപ്രതിനിധികളെ ഭരണത്തിൽ പങ്കാളിയാക്കണമെന്നാവശ്യപ്പെട്ടു നൽകിയ നിവേദനമായിരുന്നു കൊച്ചി ജനപ്രതിനിധി സഭയുടെ തുടക്കത്തിനു കാരണം. ഷഷ്ട്യബ്ദപൂർത്തി ആഘോഷവേളയിൽ രാജാവ് അംഗീകരിച്ചു പ്രഖ്യാപിച്ചു. കൊച്ചി മഹാരാജാവ് 1923 ഓഗസ്റ്റ് 9നു പാസാക്കിയ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് അനുസരിച്ചു നിയമ നിർമാണ സമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ) രൂപീകരിച്ചു.
ആദ്യത്തെ 3 കൗൺസിലുകളിൽ 45 , നാലാം കൗൺസിലിൽ (1935–38) 54, അവസാനത്തെ 2 കൗൺസിലുകളിൽ 58 എന്നിങ്ങനെയായിരുന്നു അംഗ സംഖ്യ. ഇതിൽ മൂന്നിലൊന്നിൽ കുറയാതെ അംഗങ്ങൾ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു. 1928 മേയ് 23, 1931 മേയ് 20, 1935 മേയ് 20, 1938 ജൂൺ 6, 1945 മേയ് 28 എന്നീ തീയതികളിൽ തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ നടന്നു.കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിന്റെ തുടക്കം മുതൽ (1925) വനിതാ അംഗങ്ങളുണ്ടായിരുന്നു. 1938 ജൂൺ 17നു ദ്വിഭരണ സംവിധാനം (ഡയാർക്കി) വന്നതോടെ ഒരു മന്ത്രി നിയമിക്കപ്പെട്ടു. മന്ത്രിമാരുടെ എണ്ണം 1945ൽ രണ്ടും 1946ൽ നാലുമായി.
ഒരു ‘പ്രധാനമന്ത്രി’യുടെ നേതൃത്വത്തിൽ 1947ൽ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരു–കൊച്ചിയുടെ പ്രാരംഭകാലത്തെയും മുഖ്യമന്ത്രിമാർ ‘പ്രധാനമന്ത്രി’ എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിനെക്കാൾ മുൻപേ കൊച്ചിയിലാണ് ആദ്യമായി മന്ത്രിയും ‘പ്രധാനമന്ത്രി’യുമുണ്ടായത്.കൊച്ചി മഹാരാജാവ് 1947 ഓഗസ്റ്റ് 14ന് ഉത്തരവാദ ഭരണ പ്രഖ്യാപനം നടത്തിയതോടെ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി. ‘ലെജിസ്ലേറ്റീവ് കൗൺസിൽ’ (നിയമസമിതി), ‘ലെജിസ്ലേറ്റീവ് അസംബ്ലി’ (നിയമസഭ) ആയി.
1948 സെപ്റ്റംബർ 8, 11 തീയതികളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകരിച്ച കൊച്ചി നിയമസഭയിൽ 58 അംഗങ്ങളുണ്ടായിരുന്നു. ഇവരിൽ 5പേർ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു.തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ ഒന്നിനു ലയിച്ചു ‘തിരുവിതാംകൂർ–കൊച്ചി’ എന്ന ഒറ്റ സംസ്ഥാനമായിത്തീർന്നു. സംയോജനത്തിന്റെ ഫലമായുണ്ടായ തിരുവിതാംകൂർ–കൊച്ചി നിയമസഭയിൽ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകളിലെ 178 അംഗങ്ങൾ സാമാജികരായി.
കൊച്ചിയിൽ 1938 ജൂൺ 17നു ദ്വിഭരണസമ്പ്രദായം നിലവിൽ വന്നതോടെ ഒരു മന്ത്രി നിയമിക്കപ്പെട്ടു. അമ്പാട്ട് ശിവരാമ മേനോൻ (1938), ഡോ. എ.ആർ. മേനോൻ (1938—42), ടി. കെ. നായർ (1942—45) എന്നിവരായിരുന്നു മന്ത്രിമാർ. മന്ത്രിമാരുടെ എണ്ണം 1945ൽ രണ്ടായപ്പോൾ പറമ്പി ലോനപ്പൻ (1945—46), കെ. ബാലകൃഷ്ണ മേനോൻ (1946) എന്നിവർ മന്ത്രിമാരായി. 1946 സെപ്റ്റംബർ 9നു പനമ്പിള്ളി ഗോവിന്ദമേനോൻ, ടി. കെ. നായർ, സി.ആർ. ഇയ്യുണ്ണി, കെ. അയ്യപ്പൻ എന്നിവർ മന്ത്രിമാരായി. ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 1947 സെപ്റ്റംബർ ഒന്നിനു മന്ത്രിസഭ രൂപീകരിച്ചു. പനമ്പിള്ളി ഗോവിന്ദമേനോൻ (1947), ടി.കെ നായർ (1947 – 48), ഇ. ഇക്കണ്ടവാര്യർ (1948 – 49) എന്നിവരായിരുന്നു പ്രധാനമന്ത്രിമാർ.