കൊച്ചി ∙ മുഖത്തിനു മൂക്കുത്തി അഴകാണെങ്കിലും അകത്തായാൽ കുഴപ്പമാണ്. രണ്ടാഴ്ചയ്ക്കിടെ 3 സ്ത്രീകളുടെ ശ്വാസകോശത്തിൽ കുടുങ്ങിയ മൂക്കുത്തിയുടെ ആണികളാണ് അമൃത ആശുപത്രിയിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം നീക്കം ചെയ്തത്.
മൂക്കുത്തി ശ്വാസകോശത്തിലുള്ള കാര്യം ഇവർക്കാർക്കും അറിയുമായിരുന്നില്ല. വിദേശ യാത്രയ്ക്കുള്ള വീസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു 2 പേരുടെ ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ആണി കുടുങ്ങി കിടക്കുന്നതു കണ്ടെത്തിയത്.
31 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് അടിവശത്തായി തറഞ്ഞു കിടക്കുകയായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി; 2 വർഷം മുൻപു നഷ്ടപ്പെട്ടതായിരുന്നു ഇത്.
44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് വെള്ളി മൂക്കുത്തിയുടെ ആണിയായിരുന്നു. 6 മാസം മുൻപാണ് ഇതു കാണാതെ പോയത്.
ആരോഗ്യ പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണു 52 വയസ്സുകാരിയുടെ ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി സ്വർണ മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്; ഇതു കാണാതായിട്ട് 2 വർഷമായിരുന്നു.
മൂവർക്കും ചെറിയ ചുമയല്ലാതെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അമൃതയിലെ ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ.
ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്കു കടത്തി ഒരു മണിക്കൂറോളം നീണ്ട പ്രക്രിയയിലൂടെയാണു മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്.
ഉറക്കത്തിലും മറ്റും മൂക്കുത്തിയുടെ ഭാഗങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിൽ എത്താനുള്ള സാധ്യതയുണ്ട്.
ബ്രോങ്കോസ്കോപ്പി രീതിയിൽ നീക്കാൻ കഴിഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഈ ഭാഗം മുറിച്ചു മാറ്റേണ്ടി വന്നേക്കാമെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

