അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനും അനാശാസ്യം തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്കു വാങ്ങാൻ തയാറാകുന്നവരെ ലക്ഷ്യമിട്ടാണ്.
നിയമപ്രകാരം വിലക്കിയിട്ടുള്ള, ഇത്തരം വാണിജ്യപരമായ ലൈംഗിക ചൂഷണത്തിൽ ‘കസ്റ്റമർ’ക്കു പങ്കില്ലെന്നു പറയാനാവില്ലെന്നു ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.
ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഈ വിഷയത്തിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിൽ നിന്നു വിഭിന്ന ഉത്തരവുകൾ നിലവിലുള്ള സാഹചര്യത്തിൽ, നിയമപ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ ഡിവിഷൻ ബെഞ്ചിലേക്കു റഫർ ചെയ്ത കേസിലാണു ഈ സുപ്രധാന നടപടി. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാർ കുറ്റക്കാരല്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കുകയും ചെയ്തു.
വാണിജ്യപരമായ ലൈംഗിക ചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയൽ നിയമത്തിന്റെ ലക്ഷ്യമെന്നു കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈംഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നത്.
പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദത്തെ തുടർന്ന് ഈ രംഗത്തെത്തുന്ന ലൈംഗിക തൊഴിലാളി കച്ചവടച്ചരക്കായി മാറുമ്പോൾ, ലാഭം കൊയ്യുന്നതു നടത്തിപ്പുകാരനാണ്. സേവനം തേടിയെത്താൻ ആളില്ലെങ്കിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടക്കില്ലെന്നും ഇവിടെ ലൈംഗിക തൊഴിലാളി ഇരയാണെന്നും കോടതി നിരീക്ഷിച്ചു.
സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നൽകി ലൈംഗിക സേവനം പ്രയോജനപ്പെടുത്തുന്നവരും വാണിജ്യ ഇടപാടിൽ സജീവ പങ്കാളിയാണ്. അതിനാൽ കസ്റ്റമറിന്റെ ക്രിമിനൽ ബാധ്യത ഒഴിവാകുന്നില്ലെന്നു കോടതി വ്യക്തമാക്കി.
കസ്റ്റമർ ആയതിനാൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന വാദം ഉന്നയിച്ചാണ്, ഞാറയ്ക്കൽ മജിസ്ട്രേട്ട് കോടതിയിലെ കേസിൽ രണ്ടാംപ്രതി ഹർജി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

