പെരുമ്പാവൂർ ∙ ചേരാനല്ലൂർ തൊട്ടുച്ചിറ പുല്ലും പായലും മാറ്റി വൃത്തിയാക്കിയെങ്കിലും ചിറ അളന്നു തിട്ടപ്പെടുത്തി സ്കെച്ച് കൊടുക്കാത്തതു കൊണ്ടു സംരക്ഷണഭിത്തി കെട്ടി ചിറ സംരക്ഷിക്കാൻ സാധിക്കുന്നില്ല. തൊട്ടുച്ചിറയിൽ നിന്നു കൊടുവേലിച്ചിറയിലേക്കുള്ള വീതിയേറിയ തോട് നന്നാക്കാത്തതും മൂലം നീരൊഴുക്കും സുഗമമല്ല.
കൂവപ്പടി പഞ്ചായത്തിലെ ആസ്തിയിൽ പെട്ട 8 ഏക്കറിലധികം വിസ്തൃതിയുള്ള ചിറയാണു ചേരാനല്ലൂർ തൊട്ടുച്ചിറ.
4 വർഷം മുൻപ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ ചെലവഴിച്ചു മണ്ണും പുല്ലും പായലും മാറ്റാൻ അനുവദിച്ചെങ്കിലും പൂർണമാകാത്തതിനാൽ 18 ലക്ഷം രൂപയാണ് കരാറുകാരനു നൽകിയത്.
അടുത്തയിടെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജന പദ്ധതിയിൽപെടുത്തി 3 ലക്ഷം രൂപ ചെലവിൽ പുല്ലും പായലും മാറ്റി. ഉൾനാടൻ ജലാശയങ്ങൾക്കു വേണ്ടി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫണ്ടുകൾ അനുവദിക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ അനാസ്ഥ മൂലം ചിറയുടെ സംരക്ഷണ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ആരോപണം.
ചിറയുടെ ചുറ്റും നടപ്പാതയോടു കൂടിയുള്ള സംരക്ഷണ ഭിത്തിയും റോഡും നിർമിച്ചാൽ നിരവധി ആളുകൾക്കു പ്രഭാത സായാഹ്ന നടത്തത്തിനും ടൂറിസം വികസനത്തിനും ഉപകാരപദമാകും.
തൊട്ടുച്ചിറയിൽ നിന്നു കൊടുവേലിച്ചിറയിലേക്കുള്ള തോട് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി ശുചീകരണം നടത്താമെങ്കിലും പഞ്ചായത്ത് യഥാസമയം അറിയിച്ചിട്ടില്ല. ഈ ചിറയിൽ നിന്ന് കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലെ ചേരാനല്ലൂർ, ഓച്ചാംതുരുത്ത്, തോട്ടുവ, കൂടാലപ്പാട് ഭാഗങ്ങളിലായി 2000ൽപരം കിണറുകൾക്ക് ഉറവ ലഭിക്കുന്നതാണ്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ വലിയ മീൻ സമ്പത്ത് ചിറയിൽ നിന്നു ലഭിക്കും. ചിറ അളന്നു തിട്ടപ്പെടുത്തി ബന്ധപ്പെട്ട
വകുപ്പുകൾക്ക് സ്കെച്ച് സമർപ്പിക്കുകയും ഓപ്പറേഷൻ വാഹിനിയിൽ ഉൾപ്പെടുത്തി തൊട്ടുച്ചിറയിൽ നിന്നു കൊടുവേലി ചിറയിലേക്കുള്ള തോട് നന്നാക്കി നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യണമെന്നു ചേരാനല്ലൂർ വികസന സമിതി ചെയർമാൻ ദേവച്ചൻ പടയാട്ടിലും ജനറൽ സെക്രട്ടറി അവറാച്ചൻ ആലുക്കയും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]