
കൂത്താട്ടുകുളം ∙സിപിഎം പ്രാദേശിക നേതൃത്വവുമായി അഭിപ്രായ ഭിന്നതയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം മണ്ണത്തൂർ കാക്കയാനിക്കൽ ആശാ രാജുവിന്റെ(56) ആരോപണങ്ങൾ നേതൃത്വത്തെ വെട്ടിലാക്കുന്നു. വർഷങ്ങളായി പാർട്ടിയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടും സ്ത്രീ എന്ന നിലയിൽ തനിക്കു അവഗണന നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടിയുള്ള ആശാ രാജുവിന്റെ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണിത്. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ സിപിഎം കൗൺസിലർ കലാ രാജു പാർട്ടിക്കെതിരെ രംഗത്തു വന്നതിന്റെ പ്രതിസന്ധി നിലനിൽക്കെയാണു വീണ്ടും തിരുമാറാടിയിൽ നിന്നു ആരോപണം ഉയരുന്നത്.
പല ടേമുകളിൽ എൽഡിഎഫ് ഭരിച്ചിട്ടും സിപിഎമ്മിന്റെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്ന തനിക്കു മാത്രം നീതി കിട്ടിയില്ലെന്നു 20 മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിൽ പറയുന്നു.മാനസികമായി തകർക്കുന്ന സമീപനമാണ് ഉണ്ടായത്. വീട്ടിലേക്കു സഞ്ചാരയോഗ്യമായ റോഡില്ല.
ശുദ്ധജലം ലഭിക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി. വഴി ഇല്ലാത്തതു മൂലം മകൻ നിഷുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല. വൈകിയതാണു മരണത്തിലേക്കു നയിച്ചത്.
ബുധൻ രാത്രി 9 മണിയോടെയാണ് വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ ആശാ രാജുവിനെ അവശ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം തിരുമാറാടി ടഗോർ ഓഡിറ്റോറിയത്തിലും, വസതിയിലും പൊതു ദർശനത്തിനു ശേഷം മൂവാറ്റുപുഴ ശ്മശാനത്തിൽ സംസ്കരിച്ചു.
ആരോപണങ്ങൾ അടിസ്ഥാനരഹിതം: സിപിഎം
കൂത്താട്ടുകുളം∙ ആശ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു സിപിഎം ഏരിയ സെക്രട്ടറി പി.ബി.
രതീഷ് പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട് ആശ ഉന്നയിച്ച പരാതിയിൽ കഴിഞ്ഞ 29നു ചേർന്ന പഞ്ചായത്തു കമ്മിറ്റി യോഗത്തിൽ തുക അനുവദിച്ചു തീരുമാനം ഉണ്ടായിട്ടുണ്ട്. യുഡിഎഫ് അംഗങ്ങളുടെ വിയോജിപ്പിനിടെയായിരുന്നു നടപടി. മരണം നടന്ന ബുധൻ പഞ്ചായത്ത് ഓഫിസിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആശ സജീവമായി ഉണ്ടായിരുന്നു.
റോഡ് സംബന്ധിച്ച പഞ്ചായത്തു കമ്മിറ്റി തീരുമാനവും അറിഞ്ഞിട്ടുണ്ട്. സ്വാഭാവിക മരണം എന്നാണു പൊലീസ് സർജന്റെ പ്രാഥമിക നിഗമനം.
ഇതിനിടയിൽ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും രതീഷ് കുറ്റപ്പെടുത്തി.
സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്
കൂത്താട്ടുകുളം∙ആശ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു സിപിഎം തിരുമാറാടി ലോക്കൽ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. വീട്ടിലേക്കു വഴി നൽകാതെ മനഃപൂർവം ആശയെ ബുദ്ധിമുട്ടിക്കുകയാണ് ഉണ്ടായത്.
സിപിഎം നേതാക്കളാണു മരണത്തിനു പിന്നിലെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]