
കോതമംഗലം ∙ സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലിൽ അലിയാരുടെ മകൻ അൻസിൽ (38)ആണു മരിച്ചത്. അൻസിലിന്റെ സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന (30)യെ കൊലക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു.
കോടതി റിമാൻഡ് ചെയ്തു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അൻസിൽ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
വ്യാഴാഴ്ച്ച പുലർച്ചെ 4ന്, അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലാണു സംഭവം.
വിഷം അകത്തുചെന്ന അൻസിൽ തന്നെയാണു സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചത്. അഥീന അൻസിലിന്റെ വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമം എന്നാണ് അഥീന പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്.
പൊലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലൻസ് വരുത്തി അൻസിലിനെ ആശുപത്രിയിലെത്തിച്ചു. ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു.
ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെച്ചൊല്ലി വഴക്കു പതിവായിരുന്നു. 2 മാസം മുൻപ് അൻസിൽ മർദിച്ചതായി കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു.
ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചു.
അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി അഥീനയെ മർദിച്ചതിനു കേസുണ്ടായിരുന്നു. ഈ കേസിൽ യുവാവ് അറസ്റ്റിലായിരുന്നു.
ഇതിനെച്ചൊല്ലിയും അൽസിലും അഥീനയും തമ്മിൽ വഴക്കുണ്ടായി.കോതമംഗലം എസ്എച്ച്ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]