
പൊടിപടലങ്ങൾ തുടച്ചു വൃത്തിയാക്കും; സച്ചുലാലിന്റെ ‘ഡസ്റ്റ്ഇറ്റ്’ സംരംഭം ഹിറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കൊച്ചി∙ എൻജിനീയറിങ് ബിരുദവും എംബിഎയും കഴിഞ്ഞ് തേടിയെത്തിയ പ്രമുഖ ഐടി കമ്പനിയിലെ ജോലിയും ഉപേക്ഷിച്ച് വീടുകളും ഒാഫിസുകളും വൃത്തിയാക്കുന്ന സംരംഭം ആരംഭിച്ചപ്പോൾ സച്ചു എന്ന സച്ചുലാലിനെ നോക്കി ചിരിച്ചവർ നിരവധിയായിരുന്നു. എന്നാൽ തന്റെ ഇടം ഇതാണെന്നും ഒരു സംരംഭകൻ എന്ന നിലയിൽ താൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണെന്നുമായിരുന്നു സച്ചുവിന്റെ നിലപാട്.
വേറിട്ടൊരു സംരംഭം എന്നതോടൊപ്പം അധ്വാനിക്കാൻ തയ്യാറാകുന്ന മലയാളികള്‍ക്ക് ജോലി നൽകാമെന്ന ആവേശവും ഇതിനൊപ്പം കൂട്ടുചേര്‍ന്നു. ഇതുവഴി മലയാളിയുടെ ജോലി സങ്കൽപങ്ങൾക്ക് വേറിട്ടൊരു പാതയാകാമെന്നതും സച്ചു ലാൽ (30 ) പറഞ്ഞുവയ്ക്കുന്നു.
വീടുകളിലെയും ഒാഫിസുകളിലെയും പൊടിപടലങ്ങൾ തുടച്ചു വൃത്തിയാക്കുന്ന ‘ഡസ്റ്റ്ഇറ്റ്'( Dustit ) എന്ന സച്ചുലാലിന്റെ സംരംഭം കൊച്ചി, കാക്കനാട് മേഖലകളിലുള്ളവർക്ക് ഇന്ന് ഒരു ദിനവാക്കായി മാറിയിരിക്കുന്നു. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന ഇൻഫോപാർക് പരിസരങ്ങളിലെ വീടുകളും ഓഫിസുകളുമാണ് കൂടുതലായും ഡസ്റ്റ്ഇറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഒരു വർഷത്തോളമായ സംരംഭത്തിൽ നിലവിൽ അഞ്ചു യുവാക്കളാണ് ജോലി ചെയ്യുന്നത്.
കൊല്ലം, ചവറ സ്വദേശിയായ സച്ചു ലാൽ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ലഭിച്ച് രണ്ടു വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ സ്വന്തം വീട്ടു ജോലിയും മൂന്ന് മക്കളുടെ ആവശ്യങ്ങളും നിറവേറ്റിയ ശേഷം ഔദ്യോഗിക കൃത്യ നിർവഹണത്തിന് ഇറങ്ങുന്നത് കണ്ടാണ് സച്ചു വളർന്നത്.
കൊച്ചി പോലത്തെ നഗരത്തിൽ, ജോലിയുടെയും മറ്റും തിരക്കിൽ വീടും ഒാഫിസുകളും വൃത്തിയാക്കാൻ കഷ്ടപ്പെടുന്നവർ നിരവധിയാണെന്ന് കണ്ടറിഞ്ഞാണ് സച്ചു സംരംഭത്തിന് തുടക്കമിട്ടത്. മാതാപിതാക്കളുടെ പൂർണ പിന്തുണകൂടി ലഭ്യമായതോടെ ജോലി രാജി വച്ച് തൊഴിൽ സംരംഭകനാകാൻ തീരുമാനിക്കുകയായിരുന്നു.
സംരംഭത്തിന്റെ പേരില്‍ മൊബൈൽ ആപ്പ് ആയിരുന്നു ആദ്യലക്ഷ്യം. വെണ്ണല ,അറക്കക്കടവിൽ ഓഫിസും തുറന്നു. വീട്, ഫ്ലാറ്റ് , ഓഫിസ് ..തുടങ്ങിയവ വൃത്തിയാക്കുന്നതിന് ഡീപ് ക്ലീനിങ്, സെമി ഡീപ് ക്ലീനിങ്, റെഗുലർ ക്ലീനിങ് എന്നിങ്ങനെ മൂന്ന് പാക്കേജ്കളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.
ഒാരോ പാക്കേജിനും നൽകേണ്ട തുകയും വ്യത്യസ്തം. ‘ മൊബൈൽ ആപ് വഴി സൗകര്യപ്രദമായ തീയതിയും സമയവും തെരഞ്ഞെടുക്കാം. ഞായറാഴ്ച അടക്കം മാസ പാക്കേജുകളിലും സേവനം ലഭിക്കും. ആദ്യമായി സേവനം ഉപയോഗിക്കുന്നവർക്ക് ഫോൺ വഴിയും ബന്ധപ്പെടാം -ഫോൺ -9074828227 . വെബ്സൈറ്റ് www.dustit.in