ഇടക്കൊച്ചി∙ സബ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ തണ്ണീർത്തടം വീണ്ടും നികത്തുന്നതായി പരാതി. ഇടക്കൊച്ചി പാലമുറ്റം റോഡിൽ സബർമതി ജംക്ഷനു സമീപമാണ് സ്വകാര്യ വ്യക്തിയുടെ തണ്ണീർത്തടം നികത്തുന്നത്.
രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്ന പ്രദേശത്താണ് നികത്തൽ. വേലിയേറ്റത്തിൽ വലിയ വെള്ളക്കെട്ടാണ് ഇവിടെയുണ്ടായിരുന്നത്.
തണ്ണീർത്തടം നികത്തുന്നതോടെ പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാകുമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഒരേക്കറോളം അപൂർവയിനം കണ്ടൽ മരങ്ങൾ വെട്ടിനീക്കി ചതുപ്പിൽ നിക്ഷേപിച്ചത് വാർത്തയായിരുന്നു.
അതേസ്ഥലത്താണ് ഭൂമാഫിയയുടെ സഹായത്തോടെ തണ്ണീർത്തടം നികത്തുന്നത്. സ്ഥലത്തിന് ചുറ്റും 15 അടിയോളം ഉയരത്തിൽ മതിൽ കെട്ടിയാണ് നികത്തൽ നടക്കുന്നത്.
നഗരസഭ റോഡും കയ്യേറിയാണ് മതിൽ നിർമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മതിൽ നിർമിക്കുന്നതിന് നഗരസഭയുടെ അനുവാദമില്ല.
കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചിരിക്കുന്ന മതിൽ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ചിത്രങ്ങൾ സഹിതം പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്നും അവർ പറയുന്നു.
നികത്തൽ ജോലിക്കായി ഉപയോഗിക്കുന്ന വാഹനം പിടികൂടാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതുസംബന്ധിച്ചു മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ക്രിമിനൽ സംഘങ്ങൾ നേതൃത്വം നൽകുന്ന അനധികൃത നികത്തലിനെതിരെ റവന്യു മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി സിപിഐ ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ഇ.അലക്സാണ്ടർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

