കാക്കനാട്∙ ഗതാഗത നിയമലംഘനം കണ്ടെത്താൻ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 57 എഐ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടർ വാഹന വകുപ്പിന്റെ ശുപാർശ. കൊച്ചി നഗരത്തിൽ ആദ്യമായാണു മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ വരുന്നത്.
സംസ്ഥാനത്തെ പ്രധാന റോഡുകളിലെ അപകട മേഖലകളും ബ്ലാക്ക് സ്പോട്ടുകളും കേന്ദ്രീകരിച്ചു മോട്ടർ വാഹന വകുപ്പ് 726 എഐ ക്യാമറകൾ മുൻപു സ്ഥാപിച്ചിരുന്നു.
ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ രാത്രിയിലും മിഴിവോടെ ദൃശ്യങ്ങൾ പകർത്താനും ഈ ക്യാമറകൾക്കു ശേഷിയുണ്ട്.
പൊലീസിന്റെ ക്യാമറകൾ നിലവിലുണ്ടെങ്കിലും ഇതുവഴി ഗതാഗത നിയമ ലംഘനങ്ങൾ സ്ഥിരമായി നിരീക്ഷിക്കാറില്ല. മോട്ടർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എഐ ക്യാമറകളിലൂടെ മാത്രമേ നിരന്തരം റോഡ് നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാറുള്ളൂ.
മറൈൻഡ്രൈവിൽ അനധികൃത പാർക്കിങ് കണ്ടെത്താൻ ഒരു ക്യാമറയും അലക്സാണ്ടർ പറമ്പിത്തറ റോഡിൽ മറ്റൊരു ക്യാമറയും മാത്രമേ മോട്ടർ വാഹന വകുപ്പിന്റേതായി കൊച്ചി നഗരത്തിലുള്ളൂ.
കാക്കനാട് എൻഫോഴ്സ്മെന്റ് ആർടിഒ കൺട്രോൾ റൂമിലെ നിയന്ത്രണത്തിൽ തന്നെയാകും കൊച്ചിയിലെ നിർദിഷ്ട ക്യാമറകളും.
ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, രണ്ടിലധികം പേർ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങൾ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്, വൺവേ ലംഘിക്കൽ, അനധികൃത പാർക്കിങ് തുടങ്ങിയവയാണു കൊച്ചിയിൽ സ്ഥാപിക്കുന്ന ക്യാമറകൾ പകർത്തുക. അന്നന്നു തന്നെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തിച്ചു പിഴയടയ്ക്കാൻ നോട്ടിസ് അയയ്ക്കും.
സിഎസ്എംഎൽ ക്യാമറകൾ ആരുടെ ഉത്തരവാദിത്തം
കൊച്ചി∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സ്ഥാപിച്ച ക്യാമറകളുടെ ഉത്തരവാദിത്തം ആർക്ക് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല.
നാനൂറിലേറെ ക്യാമറകൾക്കാണു സിഎസ്എംഎല്ലിന്റെ പ്രവർത്തന കാലാവധി അവസാനിച്ചതോടെ നാഥനില്ലാതായത്. ക്യാമറകളുടെ ഉത്തരവാദിത്തവും പരിപാലനച്ചുമതലയും കോർപറേഷനാണോ പൊലീസിനാണോ എന്ന ചർച്ചകളാണ് തുടരുന്നത്.
സിഎസ്എംഎൽ സ്ഥാപിച്ച ക്യാമറകളിൽ ഭൂരിഭാഗവും നഗര നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കാൻ പൊതുവേ ഇതുപയോഗിക്കുന്നില്ല.
ക്യാമറകളുടെ ഡേറ്റാ ചാർജ്, വൈദ്യുതി ചാർജ്, വാർഷിക പരിപാലനച്ചെലവ് എന്നിവ തന്നെ കോടികൾ വരും. ഇതിനുള്ള പ്രത്യേക ഫണ്ട് പൊലീസിനില്ലെന്നാണു ഉന്നത പൊലീസ് വൃത്തങ്ങൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

