പറവൂർ ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ മാതൃകയിൽ കേരളത്തിലുള്ള ഏക ക്ഷേത്രമായ ദക്ഷിണ മൂകാംബിക ക്ഷേത്രം വിദ്യാരംഭത്തിന് ഒരുങ്ങി. വിജയദശമി ദിനമായ നാളെ പുലർച്ചെ 5ന് മേൽശാന്തിയുടെ കാർമികത്വത്തിൽ പൂജയെടുപ്പു നടക്കും.
ശ്രീകോവിലിൽ നിന്നു സരസ്വതി ചൈതന്യം നാലമ്പലത്തിനു പുറത്തേക്ക് എഴുന്നള്ളിച്ച ശേഷം വിദ്യാരംഭം ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലാണ് എഴുത്തിനിരുത്ത്.
രണ്ടായിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ഐ.എസ്.കുണ്ടൂർ, എം.കെ.രാമചന്ദ്രൻ, ഡോ.കെ.കെ.ബീന, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, പറവൂർ ജ്യോതിസ്, പ്രഫ.കെ.സതീശ് ബാബു, വിനോദ്കുമാർ എമ്പ്രാന്തിരി, ഡോ.രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടവന, ഡോ.കെ.എ.ശ്രീവിലാസൻ, പി.പി.രേഖ, സത്യൻ വാരിയർ, മോഹനൻ സ്വാമി, ഡോ.രേഖ പാർഥസാരഥി, കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരി, മനപ്പാട് ജയരാജ് തന്ത്രി, രാധാകൃഷ്ണൻ, പ്രമോദ് മാല്യങ്കര എന്നിവരാണ് ഗുരുക്കന്മാർ.
ഗതാഗത നിയന്ത്രണം
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നാളെ രാവിലെ 5 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം . കെഎംകെ കവല, ചിത്രാഞ്ജലി തിയറ്റർ, സെന്റ് ജർമയിൻസ്’ ഭാഗങ്ങളിൽ നിയന്ത്രണം ഉണ്ടാകും.
ക്ഷേത്രത്തിലേക്കുള്ള 4 പ്രധാന റോഡുകളിലൂടെ കാൽനടയാത്ര മാത്രമേ അനുവദിക്കൂ. വാഹനങ്ങളിലെത്തുന്നവർ കോടതി കോംപൗണ്ട്, എസ്എൻഎച്ച്എസ്എസ് പുല്ലംകുളം, ലിമിറ്റഡ് സ്റ്റോപ്പ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ചോറ്റാനിക്കര ∙ അക്ഷരലോകത്തേക്ക് കുരുന്നുകളെ ആനയിക്കാൻ വിദ്യാരംഭത്തിനൊരുങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രം.
വിജയദശമി ദിവസമായ നാളെ രാവിലെ 8നു പന്തീരടി പൂജയ്ക്കും സരസ്വതീ മണ്ഡപത്തിൽ പ്രത്യേക പൂജയ്ക്കും ശേഷം പൂജയെടുക്കും. തുടർന്നു വിദ്യാരംഭം ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.പി.അജയൻ പറഞ്ഞു.
ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ കുട്ടികൾക്കു പഴം, പഞ്ചാമൃതം, സാരസ്വതാരിഷ്ടം, സ്ലേറ്റ്, അക്ഷരമാല പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യും.
വിവിധ കലാപരിപാടികളും നടക്കും.മഹാനവമി ദിവസമായ ഇന്നു രാവിലെ 9നു പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലി. 2 മുതൽ 3 വേദികളിലായി വിവിധ കലാപരിപാടികൾ നടക്കും.
രാത്രി 8.30നു ചോറ്റാനിക്കര വിജയൻ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.
ക്ഷേത്രനട അടയ്ക്കും
ചോറ്റാനിക്കര ∙ ദേവീക്ഷേത്രം തിടപ്പിള്ളിയിലും വലിയമ്പലത്തിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 4 മുതൽ 31 വരെ ക്ഷേത്രനട രാവിലെ 11 മുതൽ 5 വരെ അടയ്ക്കുമെന്നു അസി.
കമ്മിഷണർ അറിയിച്ചു.
കൊല്ലൂരിൽ പുഷ്പരഥോത്സവം ഇന്ന്
കൊല്ലൂർ (കർണാടക) ∙ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുഷ്പരഥോത്സവം ഇന്ന്. ഉച്ചയ്ക്ക് 1.15ന് ധനുർലംഗന മുഹൂർത്തത്തിൽ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിലാണ് പുഷ്പരഥോത്സവം നടക്കുക.പ്രത്യേക പൂജകളോടെയാണ് ഉത്സവം ആരംഭിക്കുക.
രാവിലെ 11.30ന് ചണ്ഡികായാഗം. ഭക്തരുടെ പങ്കാളിത്തത്തോടെയും വൈദിക ചടങ്ങുകളോടെയും ദേവിയെ അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്തുന്നതാണ് പുഷ്പരഥോത്സവ ചടങ്ങ്.
ക്ഷേത്രത്തിലും പരിസരങ്ങളിലും രഥോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഭക്തർ രഥോത്സവത്തിൽ പങ്കെടുക്കാനും ദേവിയുടെ ദർശനത്തിനുമായി ഇന്നലെ രാത്രി മുതൽ എത്തിത്തുടങ്ങി.
മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നൃത്ത, സംഗീത അർച്ചനകളും നടന്നു.
വിദ്യാരംഭം നാളെ
നാളെ വിജയദശമി നാളിൽ പുലർച്ചെ 3ന് നട തുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും.
കേരളത്തിൽനിന്നുൾപ്പെടെ നൂറുകണക്കിന് കുരുന്നുകൾ അക്ഷരദേവതയുടെ മുറ്റത്ത് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് വിജയരഥോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]