കൊച്ചി ∙ നഗരത്തിൽ സീബ്രാ ലൈനുള്ളടത്തു ആളില്ല, ആളുള്ളയിടത്തു ലൈനുമില്ല; ലൈനും ആളുമുണ്ടെങ്കിൽപ്പോലും അതിനു മുകളിൽ വാഹനങ്ങൾ നിർത്തി അത് കാണാനുമില്ല. ഒളിഞ്ഞും തെളിഞ്ഞും നഗരത്തിലെ മിക്ക റോഡുകളിലും സീബ്രാലൈനുകളുണ്ടെങ്കിലും ഉപയോഗമാണു വെല്ലുവിളി.സീബ്രാ ലൈൻ സമീപത്തുണ്ടെങ്കിലും തനിക്കിഷ്ടമുള്ള സ്ഥലത്തുകൂടിയേ റോഡ് മുറിച്ചു കടക്കൂയെന്നു നിർബന്ധം പിടിക്കുന്ന കാൽനട
യാത്രക്കാരും കൂടിയാകുമ്പോൾ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ ഇരട്ടിക്കുകയാണ്.
ഇനി റോഡ് മുറിച്ചു കടക്കാൻ സിഗ്നൽ ലൈറ്റ് തെളിഞ്ഞാലും ധൃതിയിൽ വാഹനങ്ങൾക്കായി പച്ച ലൈറ്റ് തെളിയുമ്പോൾ ഉടൻ മുറിച്ചു കടക്കുന്നവരും ധാരാളം.നഗരങ്ങളിലെ പ്രധാനപ്പെട്ട ജംക്ഷനുകളിലെല്ലാം സീബ്രാ ക്രോസിങ്ങുകൾ ശാസ്ത്രീയമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവ കൃത്യമായി പരിപാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത് കഴിഞ്ഞ മാസം 25നാണ്.
ട്രാഫിക് ലൈറ്റുകൾ കാൽനടയാത്രക്കാർക്കും ബാധകമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് സിഗ്നൽ നോക്കാതെ പെട്ടെന്നു ചാടി റോഡിൽ ഇറങ്ങുന്ന കാൽനടക്കാരെ ചൂണ്ടിക്കാട്ടിയാണ്.
സീബ്രാലൈനുകൾ ഉറപ്പാക്കുന്ന കാര്യത്തിൽ സ്വീകരിച്ച നടപടി വിശദീകരിക്കാൻ ട്രാഫിക് ഐജി, ട്രാൻസ്പോർട്ട് കമ്മിഷണർ, പൊതുമരാമത്ത് സെക്രട്ടറി എന്നിവർ 23 ന് ഓൺലൈനായി കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.കാൽനട യാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാൻ കഴിയാത്ത രീതിയിൽ വാഹനങ്ങൾ സീബ്രാ ക്രോസിങ്ങുകളിൽ നിർത്തിയിടുന്നതും ലൈറ്റുകൾ ഓണായിരിക്കുമ്പോൾ കാൽനടക്കാർ റോഡു മുറിച്ചുകടക്കുന്നതും പതിവാണെന്നും കോടതി ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യങ്ങൾക്ക് ഒരു തടസ്സവുമുണ്ടായിട്ടില്ല.
വൈറ്റില ജംക്ഷനിൽ സീബ്രാ ലൈൻ അടയാളപ്പെടുത്തിയാലും പരിഹാരമില്ലാത്ത അവസ്ഥയിലാണു കാൽനടക്കാരുടെ പ്രശ്നങ്ങൾ.
ഏത് റോഡ് മുറിച്ചുകടന്നാൽ എത്താം എന്ന് അന്തംവിട്ടു നിൽക്കുമ്പോൾ തലങ്ങും വിലങ്ങും വരും വാഹനങ്ങൾ. കടവന്ത്ര ജംക്ഷനിൽ സീബ്രാ ലൈനിന്റെ അവിശിഷ്ടങ്ങൾ മാത്രം.
എന്നാൽ ഇവിടെയും വാഹനങ്ങൾ സീബ്രാലൈനിൽ തന്നെ സിഗ്നൽ കാത്തു കിടക്കുന്നതിനാൽ നിരന്നു നിൽക്കുന്ന വാഹനങ്ങൾക്കിടെ ഞെരുങ്ങി നീങ്ങുന്ന കാൽനട യാത്രക്കാരുടെ കാഴ്ച സാധാരണം.
എംജി റോഡിൽ പലയിടത്തും സീബ്രാലൈൻ മാർക്ക് ചെയ്തിട്ടുണ്ടെങ്കിലും യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതും ലൈനിൽ വാഹനങ്ങൾ നിർത്തുന്നതും സ്ഥിര കാഴ്ച.
ബാനർജി റോഡിൽ മാധവ ഫാർമസി ജംക്ഷനിൽനിന്ന് എംജി റോഡിൽ എത്തണമെങ്കിൽ സീബ്രാ ലൈൻ അന്വേഷിച്ചു കണ്ടെത്തേണ്ട ഗതികേടാണ്.
കലൂർ ജംക്ഷനിൽ സീബ്രാ ലൈനുണ്ടെങ്കിലും ചെന്നെത്തുന്നയിടത്തു നടപ്പാതയിൽ കയറാനാവില്ല. അവിടെ തടസ്സം സൃഷ്ടിച്ചു കൈവരി സ്ഥാപിച്ചിരിക്കുകയാണ്.
നഗരത്തിൽ മിക്കയിടത്തും നല്ല നടപ്പാതകളായി. എന്നാൽ കച്ചവടം ഉൾപ്പെടെ അരങ്ങേറുന്നതിനാൽ യാത്രക്കാർ റോഡിലേക്ക് ചാടിയിറങ്ങന്നതും പതിവ്.
മാറേണ്ടത് റോഡ് മാത്രമല്ല, റോഡ് സംസ്കാരവുമാണെന്നതിനു തെളിവ് വേറെ വേണ്ട. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]