കൊച്ചി ∙ തമ്മനം– പുല്ലേപ്പടി റോഡ് വികസന പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ ആളുകൾ തയാറാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് ശുപാർശ ചെയ്തു. ഭൂമി ഏറ്റെടുക്കുമ്പോൾ അനുയോജ്യമായ സാമ്പത്തിക പാക്കേജുകളും പുനരധിവാസ നടപടികളും സ്വീകരിക്കണം.
ഭാഗികമായി പൊളിക്കുന്ന കെട്ടിടങ്ങൾക്കു മുഴുവൻ വാല്യുവേഷൻ നടത്തി നഷ്ടപരിഹാര തുക നിശ്ചയിക്കണം.
തമ്മനം– പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ടു കണ്ണൂർ കേന്ദ്രമായ എൻജിഒ കയ്റോസ് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് ഈ മാസം പകുതിയോടെയാണു സമർപ്പിച്ചത്. പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്ന തുകയുടെ എത്രയോ മടങ്ങ് നേട്ടം ഭാവിയിലുണ്ടാകുമെന്നും പഠന റിപ്പോർട്ട് പറയുന്നു.
ഏറ്റെടുത്ത ശേഷം ബാക്കിയാകുന്ന ചെറിയ സ്ഥലങ്ങൾ ആളുകൾക്കു പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ ആ ഭൂമി കൂടി ഏറ്റെടുത്തു സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പാക്കണമെന്നും നിർദേശമുണ്ട്.
നേരിട്ട് ബാധിക്കുക 105 ഭൂവുടമകളെ
പദ്ധതി നടപ്പാക്കുമ്പോൾ 105 ഭൂവുടമകളിൽ നിന്നായി 968.75 സെന്റ് സ്ഥലം ഏറ്റെടുക്കണം. 40 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും ഇല്ലാതാകും.
ഈ പ്രദേശങ്ങളിൽ കച്ചവടം നടത്തുന്ന നൂറോളം വ്യാപാരികളെയും മുന്നൂറോളം തൊഴിലാളികളെയും പദ്ധതി ബാധിക്കും. ചില കടകൾ പൂർണമായും മറ്റു ചില കടകളുടെ മുൻഭാഗം 2 മീറ്ററോളവും ധാരാളം കടകളുടെ പാർക്കിങ് സ്ഥലവും ഇല്ലാതാകും.
വീടിനും പുരയിടത്തിനും വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമകൾക്കും, വാടകയ്ക്ക് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർക്കും ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വ്യക്തമായ നഷ്ടപരിഹാരം നൽകണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു.
പുല്ലേപ്പടി മേൽപാലം
പുല്ലേപ്പടി റെയിൽവേ മേൽപാലത്തിനു സമാന്തരമായി തെക്കുഭാഗത്ത് പുതിയ മേൽപാലം നിർമിക്കാനായി സ്ഥലം ഏറ്റെടുക്കണം. പുതിയ മേൽപാലത്തിന്റെ നിർമാണത്തിൽ പരിസരവാസികളായ ഭൂവുടമകൾക്ക് ആശങ്കയുണ്ട്.
ആദ്യ ഘട്ടത്തിൽ ഇവിടെ സൗജന്യമായും തുച്ഛമായ നഷ്ടപരിഹാരത്തിനും നേരത്തേ സ്ഥലം വിട്ടു കൊടുത്തവരിൽ നിന്നു വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇവർക്കു ന്യായവും ഉചിതവുമായ പുനരധിവാസ പാക്കേജുകൾ നൽകണം.
തമ്മനത്തു നിന്നും ബൈപാസ് വരെ പോകുന്ന ഭാഗത്ത് നന്ദനത്ത് കൊച്ചാക്കോ റോഡിൽ ആളുകൾ താമസിക്കുന്ന ഭാഗം ഒഴിവാക്കി ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തുകയാണെങ്കിൽ അവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സർക്കാരിനു സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയുമെന്ന ഭൂവുടമകളുടെ നിർദേശവും പഠന റിപ്പോർട്ടിലുണ്ട്.
വില്ലേജ് തല ഹിയറിങ്: തീരുമാനം നടപ്പായില്ല
തമ്മനം– പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 4നു പബ്ലിക് ഹിയറിങ് യോഗം നടന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായിരുന്നില്ല. യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരായ ടി.ജെ.വിനോദും ഉമാ തോമസും വില്ലേജ് തലത്തിൽ പബ്ലിക് ഹിയറിങ് നടത്തണമെന്നു നിർദേശിച്ചിരുന്നു.
വില്ലേജ് തലത്തിൽ യോഗം ചേരാമെന്ന ധാരണയോടെയാണു അന്നത്തെ യോഗം പിരിഞ്ഞതെങ്കിലും വില്ലേജ് തലത്തിൽ പബ്ലിക് ഹിയറിങ് നടത്താതെയാണു സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]