കൊച്ചി ∙ ഓർമകൾ അയവിറക്കിയും സൗഹൃദങ്ങളെ പൊടിതട്ടിയെടുത്തും മൂവായിരത്തോളം പേർ. ആടിയും പാടിയും കൈ കോർത്തും പൊട്ടിച്ചിരിച്ചും രാവിലെ മുതൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ അവർ ഒത്തുചേർന്നപ്പോൾ പിറന്നത് പുതുചരിത്രം.
മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്കൊടുവിലാണ് ഇത്രയധികം വലിയ പൂർവവിദ്യാർഥി സംഗമം യുണൈറ്റഡ് നവോദയൻ മലയാളി അസാേസിയേഷൻ (ഉണ്മ) സംഘടിപ്പിച്ചത്.
ലോകത്തെ പല രാജ്യങ്ങളിലും നടന്ന പൂർവിദ്യാർഥി സംഗമങ്ങൾക്കു ശേഷമായിരുന്നു കേരളത്തിൽ ഇത്തവണ ഇത്തരമൊരു ആഗോള സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പൂർവ്വ വിദ്യാർഥികളാണ് ഇന്ന് സംഗമത്തിൽ പങ്കെടുത്തത്.
പ്രശസ്ത സിനിമ, ടിവി താരം രമേഷ് പിഷാരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. തന്റെ വിദ്യാഭ്യാസ കാലത്തെ കുസൃതികളും ഓർമകളുമെല്ലാം ഓർത്തെടുത്തുകൊണ്ടാണ് പിഷാരടി സദസിനെ കയ്യിെലടുത്തത്. പ്രായമുള്ള ആളെ വിളിച്ചാൽ അത് തന്ത വൈബ് ആകുമെന്നും ചെറുപ്പമായ ആളെ വിളിച്ചാൽ അത് പിള്ളേര് കളി ആയിപ്പോകും; അതിനാലാണ് ഇതിന് ഇടയിലുള്ള പിഷാരടിയെ ഉദ്ഘാടനത്തിന് വിളിച്ചതെന്ന് സംഘാടകർ പറഞ്ഞ കാര്യം പിഷാരടി ഓർത്തെടുത്തു.
‘‘ന്യൂ ജനറേഷനാണോ അതോ ഓൾഡ് ജനറേഷനാണോ എന്ന അന്വേഷണത്തിൽ ഞാൻ ഒരു ന്യൂഡ് ജനറേഷനായിപ്പോയി. അവിടെയുമില്ല, ഇവിടെയുമില്ല, അങ്ങനെ ഇടയിലായിപ്പോയ തലമുറയുടെ ഭാഗമായിപ്പോയതുകൊണ്ടാണ് ഇത്തരമൊരു പരിപാടിക്ക് അവസരം കിട്ടിയത്’’, എന്ന പിഷാരടിയുടെ വാക്കുകൾ സദസ് നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.
രാവിലെ 8.30ന് പൂക്കളം, ചെണ്ടമേളം എന്നിവയോടെയാണ് സംഗമത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് ദേശഭക്തിഗാനാലാപനം, ഗ്രൂപ്പ് ഡാൻസ്, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരുടെ പ്രഭാഷണം, ചിത്രപ്രദർശനം, ഗാനമേള, ഫാഷൻ ഷോ, കലാപരിപാടികൾ, ടാലൻ്റ് ഹണ്ട്, സിനിമാ ചർച്ചകൾ, കരിയർ ഗൈഡൻസ്, ഫോട്ടോ ഷൂട്ട്, വിവിധ തരം ഗെയിമുകൾ എന്നിവയും സംഗമത്തോടനുബന്ധിച്ച് നടന്നു. ഉണ്മ പ്രസിഡന്റ് സിജു കുര്യൻ സംഗമത്തിന് അധ്യക്ഷത വഹിച്ചു.
നവോദയ വിദ്യാലയ സമിതി ഹൈദരബാദ് റീജിയൺ അസി. കമ്മീഷണർ ആർ.നാഗഭൂഷണം, ഉൺമ വൈസ് പ്രസിഡന്റ് ജയൻ കെ.ജി, ജന.
സെക്രട്ടറി മനോജ് വി.മാത്യു, ട്രഷറർ മനുദേവ്, വിവോ കേരള റീട്ടെയിൽ ഹെഡ് പി.എസ്.സുധീർ, യൂണി മണി റീജിയണൽ മാനേജർ സന്തോഷ് ഉണ്ണിത്താൻ, മലയാള മനോരമ ഫിനാൻസ് മാനേജർ സാമുവൽ മാത്യു, ഷെഫ്ലെ പ്രൊപ്രൈറ്റർ ഐസക് പോൾ തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു. നവോദയയിലെ പൂർവ്വ വിദ്യാർത്ഥികളായ 9 പേരുടെ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
മുപ്പതോളം സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും വിൽപ്പനയും സജ്ജീകരിച്ചിരുന്നു. വൈകിട്ട് 7.30 ന് പരിപാടി സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]