അങ്കമാലി ∙ എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) തുടർ നടപടികൾ സുഗമമായി മുന്നോട്ടുനീങ്ങണമെങ്കിൽ പാതയുടെ പുതിയ ഡിപിആറിന് അനുമതി ലഭിക്കണം. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ ദേശീയപാതയ്ക്കു തകരാർ സംഭവിച്ചതിനെ തുടർന്നു പുതിയ നിർമാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നു ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നു. ഇതോടെ പലയിടങ്ങളിലും പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന കുണ്ടന്നൂർ ബൈപാസിനും പുതിയ ഡിപിആർ തയാറാക്കേണ്ടി വന്നു.
പുതിയ ഡിപിആറിന് അനുമതി ലഭിച്ചതിനു ശേഷമേ ഇനി ത്രിഡി വിജ്ഞാപനം ഇറങ്ങാൻ സാധ്യതയുള്ളുവെന്നാണു ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പാതയുടെ ഡിപിആർ, ത്രിഎ വിജ്ഞാപനത്തിലെ നടപടികൾ അന്തിമഘട്ടത്തിൽ ആയതിനാൽ താമസമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ത്രിഡി വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമാണു റോഡിന്റെ അന്തിമ അലൈൻമെന്റ് സംബന്ധിച്ചു വ്യക്തത വരികയുള്ളു.
റോഡിന്റെ നിലവിലെ അവസ്ഥ, ഭാവിയിലെ ഗതാഗതത്തിന്റെ വളർച്ച,അലൈൻമെന്റ്, ടോപ്പോഗ്രഫിക് സർവേ, ഡ്രോൺ മാപ്പിങ്, മണ്ണിന്റെ സ്വഭാവം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിശദപദ്ധതിരേഖയിൽ ഉൾപ്പെടേണ്ടതുണ്ട്. ഡിപിആർ പൂർത്തിയാക്കി അനുമതിക്കു സമർപ്പിക്കാതിരുന്നതും ത്രിഡി വിജ്ഞാപനം യഥാസമയം ഇറങ്ങുന്നതിനു തടസ്സമായിട്ടുണ്ട്.നേരത്തെ മണ്ണിട്ടു നികത്തി പാത നിർമിക്കാൻ നിശ്ചയിച്ചിരുന്ന ഭാഗങ്ങളിൽ പലതും എലിവേറ്റഡ് ഹൈവേയാക്കി മാറ്റിയിട്ടുണ്ട്.
വൻ വെള്ളക്കെട്ട് പാതയുടെ സർവേ നടപടികൾ പലയിടത്തും തടസ്സപ്പെടുത്തിയിരുന്നു.
ഭൂവുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം
പാതയുടെ സർവേ നടപടികൾ പൂർത്തീകരിക്കാതെ മെല്ലെപ്പോക്ക് നയം സ്വീകരിച്ച സർക്കാർ, ഭൂവുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുന്നില്ലെന്ന് അങ്കമാലി– കുണ്ടന്നൂർ എൻഎച്ച് 544 ബൈപാസ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. മറ്റ് റോഡ് പദ്ധതികളിൽ ഉണ്ടായതുപോലെ കുണ്ടന്നൂർ ബൈപാസിന് സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾ പ്രത്യക്ഷസമരങ്ങളൊന്നും നടത്താതെ ഭൂമി വിട്ടുനൽകാൻ തയാറായി മുന്നോട്ടുവന്നിരുന്നു.
എന്നാൽ സംസ്ഥാനസർക്കാരിനു പരിഹരിക്കാൻ സാധിക്കുന്ന അവരുടെ പ്രശ്നങ്ങളിൽ ഒരു ചർച്ച പോലും നടത്താതെ സർക്കാർ മുഖം തിരിക്കുകയാണെന്നാണ് ആരോപണം.
ജൂലൈ 7ന് കലക്ടറേറ്റിൽ ചേരാൻ നിശ്ചയിച്ച യോഗത്തിൽ ഭൂവുടമകളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാറ്റിവച്ച ഈ യോഗം പിന്നീടു ചേർന്നപ്പോൾ ഭൂവുടമകളുടെ പ്രതിനിധികളെ ഒഴിവാക്കി.ഭൂവുടമകൾക്ക് നിയമപരമായി ലഭിക്കേണ്ട
നഷ്ടപരിഹാരം നഷ്ടമാകുമെന്നാണു ഭൂവുടമകളുടെ ആശങ്ക. കിടപ്പാടവും ഭൂമിയും കെട്ടിടസമുച്ചയങ്ങളും കച്ചവടസ്ഥാപനങ്ങളും കാർഷികവിളകളും ഏറ്റെടുക്കുമ്പോൾ 2013ലെ എൽഎആർആർ ആക്ട് പൂർണമായും പാലിച്ച് നഷ്ടപരിഹാരം നിശ്ചയിക്കണമെന്നാണു ഭൂവുടമകളുടെ പ്രധാന ആവശ്യം. സ്ഥലമെടുപ്പിൽ കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
ഇതു സംബന്ധിച്ചു കഴിഞ്ഞ ഏപ്രിലിൽ പൊതുമരാമത്ത് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നു ഭൂവുടമകൾ ആവശ്യമുയർത്തുന്നു.
ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനം എടുക്കണം. കാലപ്പഴക്കം കണക്കാക്കാതെയുള്ള നഷ്ടപരിഹാരം ദേശീയപാത–66, ദേശീയപാത-966 എന്നീ പദ്ധതികൾക്കു മാത്രമാണ് ബാധകമാകൂയെന്നും മറ്റ് സ്ഥലമെടുപ്പുകൾക്കു ബാധകമല്ലെന്നുമാണ് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]