കോതമംഗലം∙ കോട്ടപ്പടി വടക്കുംഭാഗത്തു ജനവാസ മേഖലയിലെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണ കാട്ടുകൊമ്പനെ രക്ഷപ്പെടുത്തി കാട്ടിലേക്കു തിരിച്ചയച്ചു. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരുടെ പ്രതിഷേധം കാരണം സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോട്ടപ്പാറ പ്ലാന്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെ വിച്ചാട്ട് വർഗീസിന്റെ പുരയിടത്തിലെ കിണറ്റിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണു 15 വയസ്സ് തോന്നിക്കുന്ന കാട്ടാന വീണത്. രാവിലെ ഏഴോടെയാണു വീട്ടുകാർ ഇതറിഞ്ഞത്.
4 ആനകളാണു രാത്രി വനത്തിൽനിന്നു ജനവാസ മേഖലയിലിറങ്ങിയത്. കൊമ്പൻ ഒറ്റതിരിഞ്ഞു കിണറിന്റെ ഭാഗത്തെത്തുകയായിരുന്നു.
15 അടി താഴ്ചയുള്ള കിണറ്റിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
ആനയെ കരയ്ക്കു കയറ്റാൻ വനപാലകർ ശ്രമംതുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. കാട്ടാനശല്യം അവസാനിപ്പിക്കാൻ നടപടിവേണമെന്നും ആനയെ കരയ്ക്കുകയറ്റാൻ തകർക്കുന്ന കിണർ കാലതാമസമില്ലാതെ പുനർനിർമിച്ചു നൽകണമെന്നും വീട്ടുടമയ്ക്കു നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. മലയാറ്റൂർ ഡിഎഫ്ഒ പി.
കാർത്തിക് സ്ഥലത്തെത്തി ചർച്ചനടത്തി നാട്ടുകാരെ അനുനയിപ്പിച്ചു.
വൈദ്യുതവേലി സ്ഥാപിക്കൽ വേഗം പൂർത്തിയാക്കാമെന്നും സ്ഥലമുടമയ്ക്ക് ഒരു ലക്ഷം രൂപ ഉടൻ കൈമാറാമെന്നുമുള്ള ഉറപ്പിലാണു നാട്ടുകാർ വഴങ്ങിയത്. എന്നാൽ, ഒരു മണിക്കൂറോളം കഴിഞ്ഞു സ്ഥലത്തെത്തിയ ആന്റണി ജോൺ എംഎൽഎ രക്ഷാപ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടു. വൈദ്യുതവേലി നിർമാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നതിലും സ്ഥലമു ടമയ്ക്കു നഷ്ടപരിഹാരം നൽകുന്നതിലും കലക്ടർ നേരിട്ടെത്തി ഉറപ്പു നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.
ഇതോടെ രക്ഷാദൗത്യം നിർത്തി.
2 മണിക്കൂറിനു ശേഷം കലക്ടർ ജി. പ്രിയങ്ക സ്ഥലത്തെത്തി എംഎൽഎയുമായി ചർച്ച നടത്തി. ഏതാനും മിനിറ്റുകൾക്കു ശേഷം കലക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രക്ഷാദൗത്യം പുനരാരംഭിച്ചു.
കിണറിന്റെ വശം ഇടിച്ച്, സ്വയം കയറാൻ കഴിയുംവിധം വഴിയുണ്ടാക്കിയാണ് ആനയെ കരയ്ക്കെത്തിച്ചത്. വഴിയിലേക്കു പ്രവേശിക്കാൻ എളുപ്പത്തിനു കിണർ മണ്ണിട്ട് ഉയർത്തി.
കരയ്ക്കുകയറിയ ആനയെ വനപാലകർ പടക്കം പൊട്ടിച്ചു ഭയപ്പെടുത്തിയാണ് ഓടിച്ചത്. 12 മണിക്കൂറോളം ആന കിണറ്റിൽ കിടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]