
ഏലൂർ ∙ നഗരസഭയിൽ തെരുവുനായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്നത് മൃഗസ്നേഹി തടഞ്ഞതിനെത്തുടർന്നു സംഘർഷം. ജോലി തടസ്സപ്പെടുത്തിയതിലും നഗരസഭാ ജീവനക്കാരൻ വി.എം.സനോജിനെ മർദിക്കുകയും വാക്സീൻ കുത്തിവയ്ക്കുന്നതിനു പിടിച്ചുകെട്ടിയ നായയെ ഓടിച്ചുവിട്ടുവെന്നുമുള്ള പരാതിയിൽ മൃഗസ്നേഹി എളങ്കുന്നപ്പുഴ സ്വദേശി പോൾ മാർട്ടിനെതിരെ പൊലീസ് കേസെടുത്തു.
സനോജ് വിളിച്ചറിയച്ചതിനെത്തുടർന്നു സംഭവസ്ഥലത്തെത്തിയ കൗൺസിലർമാരോട് അസഭ്യവാക്കുകൾ പറയുകയും ചിത്രങ്ങൾ വിഡിയോയിൽ പകർത്തുകയും വനിതാ കൗൺസിലറെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും കാണിച്ചു മറ്റൊരു പരാതിയും പോൾമാർട്ടിനെതിരെ നൽകിയിട്ടുണ്ട്.
പൊലീസെത്തിയാണു പോൾമാർട്ടിനെ സംഘർഷത്തിനിടയിൽ നിന്നു മോചിപ്പിച്ചത്.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവുനായ്ക്കൾക്ക് വാക്സീൻ നൽകുന്ന പദ്ധതി ഇന്നലെയാണ് ആരംഭിച്ചത്. ഫാക്ടിന്റെ പുതിയ ആനവാതിൽ ജംക്ഷനു സമീപം വെറ്ററിനറി ഡോക്ടർ ഇന്ദു രാമചന്ദ്രന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരുടെ സഹായത്തോടെയാണു വാക്സിനേഷൻ നടത്തിയിരുന്നത്.
40 നായ്ക്കൾക്ക് വാക്സീൻ നൽകിയ ശേഷം ഡോക്ടർ അടിയന്തര ആവശ്യത്തിനായി വരാപ്പുഴ ഓഫിസിലേക്കു പോയിരുന്നു. ഈ സമയത്താണ് മൃഗസ്നേഹിയായ പോൾ മാർട്ടിൻ ഇതുവഴി വന്നത്.
ഡോക്ടറില്ലാതെ വാക്സിനേഷൻ നടത്തരുതെന്നും വാക്സിനേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണു നടത്തുന്നതെന്നും ആരോപിച്ചാണു പോൾ മാർട്ടിൻ ജോലി തടഞ്ഞത്.
വാക്സീൻ നൽകുന്നതിനായി പിടിച്ചുകെട്ടിയ നായയെ അഴിച്ചുവിടുകയും ചെയ്തു. നഗരസഭാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും പരാതി ഉയർന്നു.
നഗരസഭാ ജീവനക്കാർ അറിയിച്ചതനുസരിച്ചു നഗരസഭാധ്യക്ഷൻ എ.ഡി.സുജിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും എത്തി. വനിതാ കൗൺസിലർമാരടക്കമുള്ളവരുടെ പ്രതിഷേധം മൊബൈൽഫോണിൽ പകർത്താൻ പോൾ മാർട്ടിൻ ശ്രമിച്ചതാണു സംഘർഷത്തിനിടയാക്കിയത്.
സ്ഥലത്തെത്തിയ പൊലീസ് പോൾ മാർട്ടിനെ അവിടെ നിന്നു മാറ്റി പൊലീസ്സ്റ്റേഷനിലെത്തിച്ചതോടെയാണു സംഘർഷം ഒഴിവായത്.
തർക്കം പതിവ്
ഏലൂർ ∙ നഗരസഭയിൽ തെരുവുനായ്ക്കളുടെ പേരിൽ നഗരസഭയും മൃഗസ്നേഹികളും നാട്ടുകാരും തമ്മിലുള്ള തർക്കം പതിവായി. പ്രദേശവാസികൾ തെരുവുനായ്ക്കളെ കൊല്ലുകയും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നും നഗരസഭാ അധികൃതർ അതിന് കൂട്ടുനിൽക്കുന്നു എന്നുമാണ് മൃഗസ്നേഹികളുടെ പരാതി.
മൃഗങ്ങളോടുള്ള ക്രൂരതകളിൽ നിന്നു പിൻമാറണമെന്നും അല്ലാത്തപക്ഷം സുപ്രിം കോടതി വിധി ലംഘനമുൾപ്പെടെയുള്ള നടപടികൾക്കു വിധേയമാകേണ്ടി വരുമെന്നുമുള്ള താക്കീതു നൽകിക്കൊണ്ടു മൃഗസ്നേഹി സംഘടന കഴിഞ്ഞമാസം 21ന് കത്തു നൽകിയിരുന്നു. ദിനംപ്രതി വർധിച്ചുവരുന്ന തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതം തകർത്തിരിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. കുട്ടികളടക്കം പലർക്കും കടിയേറ്റു.
വീട്ടുമുറ്റങ്ങളിൽ കുട്ടികൾക്കു കളിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണം നായ്ക്കൾക്കു വഴിയരികിൽ കൊടുക്കുന്നതും ബാക്കിയുള്ളവ അവിടെത്തന്നെ ഉപേക്ഷിക്കുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു ചോദ്യം ചെയ്ത നാട്ടുകാരനെതിരെ മൃഗസ്നേഹി കൊടുത്ത പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വാക്സിനേഷൻ തടഞ്ഞതിൽ പ്രതിഷേധിച്ചു ഒട്ടേറെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ്സ്റ്റേഷനിൽ എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]