
അൻവർ ഫോൺ ചോർത്തിയ കേസ്: നടപടികൾ ഒരു മാസത്തിനകം ഹർജിക്കാരനെ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി∙ മുൻ എംഎൽഎ പി. വി.
അൻവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം ഹർജിക്കാരനെ അറിയിക്കണമെന്നു ഡിജിപിക്കു ഹൈക്കോടതി നിർദേശം നൽകി. ഗുരുതരമായ ആരോപണമാണു പി.വി.അൻവറിനെതിരെ പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്നും തെളിവ് ശേഖരിക്കാനെന്ന പേരിൽ മറ്റുള്ളവരുടെ ഫോൺ കോളുകൾ ചോർത്തി സമാന്തര അന്വേഷണ ഏജൻസിയായി പ്രവർത്തിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഫോൺ ചോർത്തൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
എംഎൽഎയായിരുന്നപ്പോഴാണ് ആരോപണത്തിന് ആസ്പദമായ സംഭവം. അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോൺ സംഭാഷണം ചോർത്തിയെന്നു അൻവർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഇത് ഗുരുതരമായ കേസാണെന്നും സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി. മലപ്പുറം ഡിവൈഎസ്പി അന്വേഷണം നടത്തിയെന്നും കേസ് അവസാനിപ്പിച്ചെന്നും ഹർജിക്കാരൻ അറിയിച്ചിരുന്നു. പൊലീസ് നടപടിയെടുക്കാൻ തക്ക തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്റെ നിലപാട്.
എന്നാൽ തെളിവു ശേഖരിക്കുന്നതു പരാതിക്കാരന്റെ ജോലിയല്ലെന്നും പൊലീസിന്റേതാണെന്നും കോടതി പറഞ്ഞു. അന്വേഷണത്തിൽ അതൃപ്തിയും കോടതി രേഖപ്പെടുത്തി.
പരാതിയിൽ ഡിജിപി നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]