
നടപ്പാത കയ്യേറി വാഹന പാർക്കിങ്; കാൽനട യാത്രക്കാർ പെരുവഴിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോലഞ്ചേരി ∙ ടൗണിൽ നടപ്പാത കയ്യേറി വാഹന പാർക്കിങ് വർധിച്ചതോടെ കാൽനട യാത്രക്കാർ പെരുവഴിയിൽ. ഓടയ്ക്കു മുകളിൽ നിരത്തിയ കോൺക്രീറ്റ് സ്ലാബുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ യാത്രക്കാർ ഗത്യന്തരമില്ലാതെ ദേശീയപാതയിലേക്ക് ഇറങ്ങി സഞ്ചരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. നടപ്പാത കയ്യേറി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് ഇത്തരം പ്രവൃത്തികൾ വർധിക്കാൻ കാരണമായെന്നു യാത്രക്കാർ പറയുന്നു.
മുൻപ് ദേശീയപാതയിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കു പോലും പിഴ ഈടാക്കിയിരുന്ന പുത്തൻകുരിശ് പൊലീസ് ഇപ്പോൾ നടപ്പാത കയ്യേറി പാർക്കു ചെയ്യുന്ന വണ്ടികൾ കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിനു സമീപമുള്ള റേഷൻകട മുതൽ മെഡിക്കൽ കോളജ് ജംക്ഷനിൽ വരെ വാഹനങ്ങൾ ഓടയ്ക്കു മുകളിൽ നിർത്തിയിടുന്നതു കോൺക്രീറ്റ് സ്ലാബുകൾ ഒടിഞ്ഞു വീഴുന്നതിനും കാരണമാകുന്നു. ദേശീയപാത ഈ വർഷം റീടാറിങ് നടത്തിയപ്പോൾ റോഡും നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബും തമ്മിൽ ഉയരവ്യത്യാസം ഇല്ലാതായതോടെയാണ് വാഹനങ്ങൾ കയറ്റിയിടാൻ തുടങ്ങിയത്.
വാഹനങ്ങൾ നടപ്പാത കയ്യേറുന്നത് പലപ്പോഴും വാഹന ഉടമകളും നടന്നു പോകുന്നവരും തമ്മിൽ തർക്കത്തിനു കാരണമാകുന്നുണ്ട്. വാഹനങ്ങൾ കയറി കോൺക്രീറ്റ് സ്ലാബുകൾ തകർന്നാൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണ്. അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നില്ല. ഒടിഞ്ഞ സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നുമില്ല. രോഗികളും പ്രായം ചെന്നവരും കുട്ടികളും ഉൾപ്പെടെ നടന്നു പോകുന്ന യാത്രക്കാർക്ക് സുരക്ഷിത പാത ഇല്ലാത്ത അവസ്ഥയാണ് ടൗണിലുള്ളത്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം നേരത്തെ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചിരിക്കുകയാണ്.