കൊച്ചി ∙ അംബേദ്കർ സ്റ്റേഡിയത്തിന്റെ മുഖം മിനുക്കാൻ ജിസിഡിഎ പ്രഖ്യാപിച്ച നൂറ് കോടിയുടെ പദ്ധതി, ഫണ്ട് ലഭിക്കാത്തതിനാൽ വൈകുന്നു. രാജ്യാന്തര നിലവാരമുള്ള ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയവും സ്പോർട്സ് അക്കാദമിയുമുൾപ്പെടുന്ന വിപുലമായ രൂപരേഖയായിരുന്നു ജിസിഡിഎ മുന്നോട്ട് വച്ചിരുന്നത്.
രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് 100 കോടിയോളമാണ് ചെലവ്.
ആദ്യ ഘട്ടത്തിൽ സ്റ്റേഡിയം, 15000 മുതൽ 20000 പേർക്കിരിക്കാൻ കഴിയുന്ന ഗാലറി, സ്പോർട്സ് അക്കാദമിയുടെ പൈലിങ് വർക്കുകൾ എന്നിവ പൂർത്തിയാക്കാനായിരുന്നു ജിസിഡിഎയുടെ തീരുമാനം. ഇതിനാവശ്യമായ 35 കോടിയിൽ 15 കോടി ജിസിഡിഎയാണ് നൽകുന്നത്.
ബാക്കി തുക കോർപറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ടിലൂടെ ലഭ്യമാക്കാനാണ് ഒരു വർഷമായി ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം പദ്ധതി ആരംഭിക്കാൻ ശ്രമിച്ചുവെങ്കിലും ഫണ്ടിങ്ങിൽ വന്ന പ്രശ്നങ്ങൾ മൂലം നിർമാണം ഇഴഞ്ഞു.
സിഎസ്ആർ ഫണ്ടുമായി ബന്ധപ്പെട്ട് ബിപിസിഎലുമായി ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല.
രണ്ടാം ഘട്ടത്തിലാണ് സ്പോർട്സ് അക്കാദമിയുടെ നിർമാണം നടത്താൻ തീരുമാനിച്ചിരുന്നത്. ആദ്യ ഘട്ടമെന്ന കടമ്പ പൂർത്തിയാക്കിയിട്ടു വേണം കൂടുതൽ ചെലവു വരുന്ന രണ്ടാം ഘട്ടത്തിനായുള്ള പണം സ്വരൂപിക്കാൻ.
ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൻ തുടങ്ങി വിവിധ കായികയിനങ്ങൾ പരിശീലിക്കാനുള്ള സൗകര്യവും ഒളിംപിക്സ് മാനദണ്ഡങ്ങൾക്കനുസരിച്ച സ്വിമ്മിങ് ട്രാക്കുമാണ് രണ്ടാം ഘട്ടത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്. നവീകരണ പദ്ധതികളുടെ രൂപരേഖ പൂർത്തിയായിട്ടുണ്ട്.
സിഎസ്ആർ നിർദേശങ്ങളും തയാറാക്കി കഴിഞ്ഞു.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സർക്കാർ അനുമതി വാങ്ങി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് ജിസിഡിഎയുടെ തീരുമാനം. ഫണ്ട് ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്റ്റേഡിയത്തിനു ചുറ്റും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വോക്കിങ് ട്രാക്കുകളും സ്കേറ്റിങ് പാത്തുകളും ഒരുക്കുന്നുണ്ട്. ഒപ്പം വിശാലമായ പാർക്കിങ് സൗകര്യങ്ങളും സ്പോർട്സ് ഷോപ്പുകളുമുൾപ്പെടുത്തി സ്പോർട്സ് ഹബ്ബാക്കി സ്റ്റേഡിയത്തെ മാറ്റാനുള്ള പദ്ധതിയാണ് ഇഴയുന്നത്.
എത്രയും വേഗം പദ്ധതി നടപ്പിലാക്കി ഒരു കാലത്ത് കൊച്ചിയുടെ കായികകേന്ദ്രമായിരുന്ന അംബേദ്കർ സ്റ്റേഡിയത്തിനു ശാപമോക്ഷം നൽകണമെന്നാണ് നഗരത്തിലെ കായികപ്രേമികളുടെ അപേക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

