
ഉപ്പുവെള്ളം തടയാൻ പുത്തൻകാവ് ബണ്ടിനായി കാത്തിരിപ്പ് 4 വർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരമറ്റം ∙ പണി തുടങ്ങി 4 വർഷം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങി പുത്തൻകാവ് ബണ്ട് നിർമാണം. ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി 2021 ഫെബ്രുവരിയിൽ ആരംഭിച്ച ബണ്ട് നിർമാണമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. 4 വർഷത്തിനിടെ വിവിധ കാരണങ്ങളാൽ പല തവണകളായി മാസങ്ങളോളം നിർമാണം നിർത്തിവയ്ക്കുകയും ചെയ്തു. നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ കരാറുകാരുടെ ഭാഗത്തു നിന്നോ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
വേമ്പനാട്ടു കായലിൽ നിന്നു കോണത്ത്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതു തടയാനാണു പുത്തൻകാവിൽ സ്ഥിരം ബണ്ട് നിർമിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണു ബണ്ട് നിർമാണത്തിന്റെ മേൽനോട്ടം. പതിറ്റാണ്ടുകളായി എല്ലാ വർഷവും താൽക്കാലിക ബണ്ട് ഇട്ടിരുന്ന പുത്തൻകാവിൽ സ്ഥിരം ബണ്ട് നിർമിക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമായിരുന്നു.നീണ്ട കാത്തിരിപ്പിനൊടുവിലാണ് 23 കോടി ചെലവഴിച്ചു യന്ത്രവൽകൃത ബണ്ട് നിർമിക്കാൻ പദ്ധതി തയാറായത്.
പുത്തൻകാവ് പാലത്തിനോടു ചേർന്നു 63 മീറ്റർ നീളത്തിലാണു പുതിയ ബണ്ട് നിർമിക്കുന്നത്. 12 മീറ്ററുള്ള 3 ഷട്ടറുകളും 9 മീറ്ററുള്ള ഒരു ഷട്ടറും ചെറുവള്ളങ്ങൾക്ക് കടന്നു പോകാൻ 6 മീറ്ററുള്ള ലോക്കും അടക്കമാണു നിർമിക്കേണ്ടത്. ബണ്ടിനോടു ചേർന്നുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമിക്കണമെന്നാണ് കരാർ.ബണ്ട് യാഥാർഥ്യമാകുന്നതോടെ കോണത്ത്പുഴയുടെ ഇരുവശങ്ങളിലെയും പാടങ്ങളിൽ കൃഷിയിറക്കാം എന്നായിരുന്നു പ്രതീക്ഷ.
എന്നാൽ നിർമാണം എന്നു തീരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിർമാണം നടക്കുന്നതിനാൽ മഴക്കാലത്ത് ആമ്പല്ലൂർ പഞ്ചായത്തിലെ തീരദേശ മേഖലയിൽ വെള്ളം കയറുന്നതു പതിവായിട്ടുണ്ട്. അതിനാൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം.