ചെങ്ങന്നൂർ ∙ കർഷകരുടെ കാത്തിരിപ്പിനു വിരാമമിട്ടു തിരുവൻവണ്ടൂരിൽ പിഐപി കനാൽ വെള്ളമെത്തി. പുലിയൂരിൽ വെള്ളമെത്താൻ കാത്തിരിപ്പ് തുടരുന്നു. പുലിയൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ പാടങ്ങളിൽ വെള്ളം കിട്ടാതെ കൃഷി പ്രതിസന്ധിയിലായിരുന്നു.
മണിയാർ ഡാം തുറന്നതോടെ വലതുകര കനാലിലൂടെ ഇന്നലെ ഉച്ചയോടെ തിരുവൻവണ്ടൂരിൽ വെള്ളമെത്തി. തിരുവൻവണ്ടൂരിൽ മഴുക്കീർ, ഉമയാറ്റുകര, തിരുവൻവണ്ടൂർ, കോലടത്തുശേരി, വനവാതുക്കര, ഇരമല്ലിക്കര തുടങ്ങി 115 ഹെക്ടർ പാടങ്ങളിലാണ് ഇക്കുറി നെൽകൃഷി ഇറക്കിയത്.
ലേറ്റ് മുണ്ടകൻ കൃഷിയിൽ ഉമ, പൗർണമി ഇനങ്ങൾ കൃഷി ചെയ്യുന്നു. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലിലൂടെ വെള്ളമെത്തിയെങ്കിലേ കൃഷി ചെയ്യാൻ കഴിയൂ.
അട്ടക്കുഴി പാടത്ത് ഉൾപ്പെടെ ചുരുക്കം ചിലയിടങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ ഉണ്ടെങ്കിലും ബാക്കിയുള്ളിടത്ത് കനാൽവെള്ളം തന്നെയാണ് ആശ്രയം.മണിയാർ ബാരേജിലെ മെക്കാനിക്കൽ പ്രവൃത്തികൾ നടത്താൻ ചെങ്ങന്നൂർ, തിരുവല്ല, റാന്നി, ആറൻമുള, മാവേലിക്കര മണ്ഡലങ്ങളിൽ പിഐപി കനാലുകളിൽ കൂടിയുള്ള ജലവിതരണം ഈ വർഷം പൂർണമായും തടസ്സപ്പെടുമെന്നും ബദൽ മാർഗം തേടണമെന്നും അധികൃതർ അറിയിച്ചതിനെ തുടർന്ന് കർഷകർ ആശങ്കയിലായിരുന്നു.
മന്ത്രിതല ഇടപെടലിൽ പണികൾ നീട്ടിവയ്ക്കാനും വെളളം നൽകാനും തീരുമാനിച്ചതോടെയാണ് പാടങ്ങളിൽ വെള്ളമെത്താൻ വഴി തുറന്നത്.
പുലിയൂർ പഞ്ചായത്തിൽ ഇടതുകര കനാലിലൂടെയാണ് വെള്ളമെത്തേണ്ടത്. വടപുറം, പടനിലം, നരച്ചിമുട്ടം, നെടുംചാൽ പാടങ്ങളിലാണ് കൃഷി നടക്കുന്നത്.
ഞാറു നട്ടിട്ട് ഒരു മാസമായി. വെള്ളമെത്താത്തതിനാൽ വളമിടാനും കഴിയുന്നില്ലെന്നു കർഷകർ പറയുന്നു.
തിങ്കളാഴ്ച വെള്ളം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ പിഐപി ഓഫിസിൽ കർഷകർ സമരവും നടത്തി. ഇടതുകര കനാൽ ഇന്നു തുറക്കുമെന്നും ജനുവരി ഒന്നിനോ രണ്ടിനോ പുലിയൂരിൽ വെള്ളമെത്തുമെന്നും പിഐപി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
ഇടതുകര കനാൽ 24 കിലോമീറ്റർ പിന്നിട്ട ശേഷമാണ് പുലിയൂരിലേക്കുള്ള ബ്രാഞ്ച് കനാലിൽ വെള്ളമെത്തുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

