കറ്റാനം ∙ മിറർ ഇമേജ് റൈറ്റിങ്ങിലൂടെ പുതുവത്സരാശംസകൾ നേർന്ന് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് കറ്റാനം സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ഫസ്ന ഫൈസൽ എന്ന കൊച്ചുമിടുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉൾപ്പെടെ 1040 കാർഡുകളാണ് ഈ മിടുക്കി തയാറാക്കി അയച്ചത്.
ചിത്രങ്ങളോടൊപ്പം ഹാപ്പി ന്യൂ ഇയർ എന്ന് രേഖപ്പെടുത്തിയ കാർഡുകൾ എല്ലാവർക്കും കിട്ടിത്തുടങ്ങി. രണ്ടാം ക്ലാസിൽ പള്ളിക്കൽ പോസ്റ്റ് ഓഫിസ് ആദ്യമായി കണ്ട
ഫസ്ന വള്ളികുന്നം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പിതാവ് ഫൈസൽ സലാമിനോട് പോസ്റ്റ് ഓഫിസിന്റെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.
തുടർന്ന് ആ വർഷം തന്നെ അധ്യാപകർക്കും കൂട്ടുകാർക്കും ഉൾപ്പെടെ 42 പേർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് കാർഡുകൾ അയച്ചു. പിന്നീടാണ് മാതാവ് സോണിയ മകൾക്ക് അക്ഷരങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ മാത്രം ശരിയായ രൂപത്തിൽ വരുന്ന രീതിയിൽ എഴുതുന്ന കഴിവുള്ളത് കണ്ടെത്തിയത്.
തുടർന്ന് ഈ വർഷം കാർഡ് അയയ്ക്കണമെന്നുള്ള ഫസ്നയുടെ ആഗ്രഹം പങ്കിട്ടപ്പോൾ മിറർ ഇമേജിൽ സ്കൂളിലെ എല്ലാവർക്കും കാർഡ് അയയ്ക്കാം എന്ന ആശയം ഉയർന്ന് വന്നത്. തുടർന്ന് പഠന ശേഷം എല്ലാ ദിവസവും ഒരു മണിക്കൂർ സമയം കണ്ടെത്തി കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച ഈ പ്രയത്നം ഡിസംബറോടെ പൂർത്തീകരിക്കുകയായിരുന്നു.
പിന്നീട് പള്ളിക്കൽ പോസ്റ്റ് ഓഫിസിൽ എത്തി കാർഡുകൾ എല്ലാം അയച്ചു. ഫസ്നയുടെ സ്നേഹത്തിൽ ചാലിച്ച് ഒപ്പു ചാർത്തിയ ഈ പ്രവൃത്തി ഏവരുടെയും അഭിനന്ദനങ്ങൾ പിടിച്ചു പറ്റി.
ഭരണിക്കാവ് ഇലഞ്ഞിത്തറ വീട്ടിലെ ഫസ്നയുടെ അനുജത്തി നാല് വയസുള്ള ഫാമില ഫൈസലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

