മാവേലിക്കര ∙ വിശാൽ വധക്കേസ് പ്രതികളെ കേസ് പരിഗണിച്ച കോടതിക്കെട്ടിടത്തിനു സമീപത്തേക്ക് എത്തിച്ചതും വിട്ടയച്ച വിധിക്കു ശേഷം പുറത്തേക്കു കൊണ്ടുപോയതും പല കാറുകളിലായി. പ്രതികളെല്ലാവരും ജാമ്യത്തിലായിരുന്നു. ഒൻപതരയോടെ വിവിധ കാറുകളിലായി പ്രതികളെ കോടതിക്കു മുന്നിലെത്തിച്ചു.
പത്തരയോടെ ജഡ്ജി പി.പി.പൂജയും എത്തി. രാവിലെ 11 കേസ് വിളിച്ച കോടതി പരിഗണിക്കുന്നതു മാറ്റി. പിന്നീട് മുപ്പതോളം മറ്റു കേസുകൾ വിളിച്ച ശേഷം 11.45ന് ആണു വിശാൽ കൊലപാതകക്കേസ് വീണ്ടും പരിഗണിച്ചത്.
തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിട്ടയച്ചതായി വിധി പറഞ്ഞതോടെ പ്രതികളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു.
വിധിക്കു ശേഷം പ്രോസിക്യൂഷൻ അഭിഭാഷകരാണു ആദ്യം പുറത്തേക്കു വന്നത്. പിന്നീട് ഓരോ കാറുകളും അകത്തേക്കു പോയി വിട്ടയച്ചവരെ കയറ്റി വേഗം പോകുകയായിരുന്നു. കോടതിക്കെട്ടിടം പ്രവർത്തിക്കുന്ന ഭാഗത്തേക്കു അഭിഭാഷകർ, പ്രതികൾ എന്നിവരെ മാത്രമാണു പ്രവേശിപ്പിച്ചത്.
കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. വിധി അറിയാനായി ബിജെപി, എബിവിപി, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ ആളുകൾ എത്തിയിരുന്നു.
വിട്ടയയ്ക്കപ്പെട്ടവർക്കായി അഭിഭാഷകരായ ജി.പ്രിയദർശൻ തമ്പി, നവീൻ എം.ഈശോ, സുനിൽ എസ്.ലാൽ, ഷേഖ് റസൽ, ഓംജി ബാലചന്ദ്രൻ, പി.സി.നൗഷാദ്, ബിബിൻ ബേബി എന്നിവർ ഹാജരായി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചാണു പൂർത്തിയാക്കിയത്.
വിചാരണ വേളയിൽ 55 സാക്ഷികൾ, 205 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉൾപ്പെടെ 3 ഡിവൈഎസ്പിമാരാണു കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.
ഹൈക്കോടതിയെ സമീപിക്കും:പ്രോസിക്യൂഷൻ
നിരാശാജനകമായ വിധിയാണെന്നും വിധിപ്പകർപ്പ് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് ഇന്നലെ കോടതിയിൽ ഹാജരായ അഭിഭാഷകരായ ശ്രീദേവി പ്രതാപും ഹരീഷ് കാട്ടൂരും.
സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ മറ്റൊരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടു കണ്ണൂരിലായതിനാൽ മാവേലിക്കര കോടതിയിൽ എത്തിയിരുന്നില്ല. ശക്തമായ മൊഴികളും തെളിവുകളും ഹാജരാക്കിയതായും പ്രോസിക്യൂഷൻ പറഞ്ഞു.
നീതിയുടെ വിജയം: ജി.പ്രിയദർശൻ തമ്പി
നീതിയുടെ പക്ഷം ചേർന്ന ഉജ്വല വിധിയാണ് വിശാൽ വധക്കേസിൽ ഉണ്ടായതെന്ന് ഒന്നു മുതൽ 5 വരെ പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ ജി.പ്രിയദർശൻ തമ്പി പറഞ്ഞു. ജനാഭിലാഷവും കോടതിക്കു മുന്നിൽ വരുന്ന തെളിവുകളും വ്യത്യസ്തമാണ്. തെളിവുകൾ അനുസരിച്ചാണു വിധി നടത്തുന്നത്. തട്ടിക്കൂട്ടിയ സാക്ഷികളും മൊഴികളുമാണു കേസിൽ ഉണ്ടായിരുന്നത്.
സംഭവം നടന്നു 2 ദിവസം കഴിഞ്ഞപ്പോൾ നൽകാത്ത മൊഴിയാണു 3 മാസം കഴിഞ്ഞ് ഒരു സാക്ഷി നൽകിയത്. കേസിൽ നിയമപരമായി വിജയിക്കാൻ കഴിഞ്ഞതായി പ്രിയദർശൻ തമ്പി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

