ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ തെക്കനോടി തറവള്ളം വിഭാഗത്തിൽ പെൺകരുത്ത് കാട്ടി ആദ്യം പാഞ്ഞെത്തിയത് സായ് എൻസിഒഇയുടെ ശ്രീലക്ഷ്മി ജയപ്രകാശ് ക്യാപ്റ്റനായ കാട്ടിൽ തെക്കേതിലായിരുന്നു. 6 മിനിറ്റ് 15 സെക്കൻഡിലായിരുന്നു ഫിനിഷിങ്.
തൊട്ടുപിന്നാലെയെത്തിയ പൊൻപുലരി ബോട്ട് ക്ലബ്ബിന്റെ അനുശ്രീ അനിൽകുമാർ ക്യാപ്റ്റനായ സാരഥി ഫിനിഷിങ് പോയിന്റ് കടന്നത് 8 മിനിറ്റ് 26 സെക്കൻഡിൽ. 2 മിനിറ്റ് 11 സെക്കൻഡിന്റെ വ്യത്യാസത്തിൽ കാട്ടിൽ തെക്കേതിൽ വിജയിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായ് ടീം 2023 ലാണ് ആദ്യമായി നെഹ്റു ട്രോഫി മത്സരത്തിനിറങ്ങുന്നത്.
പിന്നീട് മത്സരിച്ച 3 വർഷവും തുടർച്ചയായി വിജയിച്ചു.
സമ്മർദങ്ങളൊന്നുമില്ലാതെ പരിശീലിക്കാനും മത്സരിക്കാനും സാധിച്ചെന്ന് ക്യാപ്റ്റൻ ശ്രീലക്ഷ്മി പറഞ്ഞു. അതുകൊണ്ടു തന്നെ ആടിയും പാടിയും ആസ്വദിച്ച് അവർ മത്സരം ആഘോഷമാക്കുകയായിരുന്നു. അലകളിളക്കിമറിച്ച ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾക്കു ശേഷമാണ് തെക്കനോടിയുടെ മത്സരം നടന്നത്.കായലിൽ മിന്നൽപിണർ തീർത്ത് കാട്ടിൽ തെക്കേതിൽ കുതിച്ചെത്തിയപ്പോൾ, വനിതകളുടെ തന്നെ, തെക്കനോടി കെട്ടുവള്ളങ്ങളുടെ വിഭാഗത്തിൽ വാശിയേറിയ മത്സരമാണ് നടന്നത്.
4 വള്ളങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. യങ് സ്റ്റാഴ്സ് ബോട്ട് ക്ലബ്ബിന്റെ എസ്.സുകന്യ ക്യാപ്റ്റനായ പടിഞ്ഞാറേ പറമ്പനും ജനിതാ മെമ്മോറിയൽ ബോട്ട് ക്ലബ്ബിന്റെ വി.എസ്.അതുല്യ ക്യാപ്റ്റനായ ചെല്ലിക്കാടനും ഫിനിഷിങ് പോയിന്റിലേക്കെത്തുമ്പോൾ കടുത്ത മത്സരമാണ് കാഴ്ചവച്ചത്.7 മിനിറ്റ് 17 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത ചെല്ലിക്കാടനാണ് കെട്ടുവള്ളം വിഭാഗത്തിൽ വിജയിച്ചത്. 7 മിനിറ്റ് 18 സെക്കൻഡിൽ രണ്ടാമതായി പടിഞ്ഞാറേ പറമ്പൻ ഫിനിഷ് ചെയ്തു. ഐശ്വര്യ ബോട്ട് ക്ലബ് മുട്ടാറിന്റെ കമ്പിനി മൂന്നാമതായും അനശ്വര ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കേതിൽ നാലാമതായും ഫിനിഷിങ് പോയിന്റ് കടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]